'എന്റെ സാമ്രാജ്യം തകര്‍ക്കാന്‍ അനന്തു ഒപ്പിച്ച പണി'; പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട റോബിന്‍ പറയുന്നു
കോട്ടയം: സുഹൃത്തിനെതിരെ ആരോപണവുമായി പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞതിന് അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ അനന്തു പ്രസന്നന്‍ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂര്‍വം തന്റെ നായ പരിശീലന കേന്ദ്രമായ ഡെല്‍റ്റ കെ9 ല്‍ കൊണ്ടുവെച്ചതാണ് എന്നാണ് റോബിന്‍ പറയുന്നത്. ഇന്ന് രാവിലെയാണ് റോബിനെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടായിരുന്നു റോബിന്റെ പ്രതികരണം. അനന്തു പ്രസന്നന്‍ എന്ന കൂട്ടുകാരനാണ് ചതി ചെയ്തതെന്നും തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണിതെന്നുമാണ് റോബിന്റെ അവകാശവാദം. അനന്തു ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല എന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റോബിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

റോബിനെതിരെ മുന്‍പും കഞ്ചാവ് കേസുകള്‍ നിലവിലുണ്ടായിരുന്നു. അതേസമയം റോബിന്‍ പറയുന്ന അനന്തു പ്രസന്നനെതിരേയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പൂവന്‍തുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് നേരെ റോബിന്‍ നായ്ക്കളെ തുറന്ന് വിട്ട് രക്ഷപ്പെട്ടത്.
വിജയപുരം പഞ്ചായത്തില്‍ കൊശമറ്റം കോളനി തെക്കേത്തുണ്ടത്തിലെ വാടക കെട്ടിടത്തിലാണ് റോബിന്റെ ഡെല്‍റ്റ കെ9 എന്ന നായ പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിദേശത്തേക്കും മറ്റ് ദൂരയാത്രക്കും പോകുന്നവരുടെ നായ്ക്കളെ പരിചരിക്കാനും നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കാനുമാണ് ഡെല്‍റ്റ കെ9 തുടങ്ങിയത്. അതീവ വന്യത പ്രകടിപ്പിക്കുന്ന നായ്ക്കളെ കാക്കി കണ്ടാല്‍ കടിക്കാന്‍ വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
ഇവിടെ നിന്ന് 17.8 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപമുള്ള ഒരു കോളനിയില്‍ നിന്നാണ് റോബിനെ പിടികൂടിയത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. റോബിന്റെ പിതാവിന്റെ തട്ടുകടയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
ഉച്ചയോടെ റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ട് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. അതിനിടെ ഡെല്‍റ്റ കെ9 ലെ നായ്ക്കളെ ഉടമകളോട് വന്ന് കൊണ്ടുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് റോബിന്‍ ഈ കെട്ടിടം വാടകയ്‌ക്കെടുത്തത്. വന്യസ്വഭാവമുള്ളതടക്കം വിലപിടിപ്പുള്ള നായ്ക്കളെയാണ് റോബിന്‍ പരിശീലിപ്പിച്ചിരുന്നു. നാട്ടുകാരെയൊന്നും ഇവിടേക്ക് റോബിന്‍ അടുപ്പിച്ചിരുന്നില്ല.












Click it and Unblock the Notifications