ഇവനെയൊക്കെ എന്തിനാ വെറുതെ വിടുന്നത്; സര്‍ക്കാരിനോടും പൊലീസിനോടും ഷാനിന്റെ അമ്മ
കോട്ടയം: പൊലീസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയത്ത് ഗുണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ. തന്റെ മോനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്ന് ത്രേസ്യാമ്മ പറഞ്ഞു. ജോമോനാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തി. ജോമോനെപ്പോലെയുള്ളവരെ എന്തിനാണ് ഇറക്കിവിടുന്നതെന്നും ഷാനിന്റെ അമ്മ ചോദിക്കുന്നു. മൂന്ന് പേര്‍ക്കൊപ്പം നടന്നുവരികയായിരുന്നു ഷാനെന്നും രണ്ട് പേരും ഓടിപ്പോയെന്നും തന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ലെന്നും ത്രേസ്യാമ്മ പറയുന്നു.
പൊലീസുകാര്‍ എന്ത് നോക്കിനില്‍ക്കുകയായിരുന്നെന്നും താന്‍ പോലീസ് സ്റ്റേഷനില്‍ പോയി ജോമോന്റെ പേരടക്കം പറഞ്ഞ് പരാതിപ്പെട്ടതാണെന്നും ത്രേസ്യാമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. 'എന്റെ മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞതാ. പോലീസുകാര് നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്നുപറഞ്ഞു. ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്ത് പറ്റിയോ എന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ചുകൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പോലീസ് സ്റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ടു കൊടുത്തിരിക്കുകയാണ്,' ത്രേസ്യാമ്മ പറഞ്ഞു.

ഇവന്‍ (ജോമോന്‍) എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നതെന്നും ത്രേസ്യാമ്മ ചോദിച്ചു. ' ഈ ഗവണ്‍മെന്റ് എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്. ഒരമ്മയല്ലേ ഞാന്‍, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ ഗവണ്‍മെന്റ് ഇങ്ങനെ ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ'- ഷാനിന്റെ അമ്മ ചോദിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജോമോന്‍, വിമലഗിരി സ്വദേശിയായ 19 കാരനായ ഷാന്‍ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ തന്നെയാണ് പൊലീസുകാരോട് വിളിച്ചുപറഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. പിന്നീട് കാപ്പാ കേസില്‍ അപ്പീല്‍ നല്‍കിയാണ് ഇയാള്‍ കോട്ടയത്ത് തിരിച്ചെത്തിയത്. അതേസമയം കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ പശ്ചാത്തലം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കോട്ടയത്തെ സ്റ്റേഷനുകളില്‍ നിലവില്‍ കേസുകളൊന്നുമില്ല. കാപ്പ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായിരുന്നു. കോട്ടയത്ത് മടങ്ങിയെത്തിയെങ്കിലും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിച്ചില്ല. ഇതോടെ തന്റെ സ്വാധീനം ഉറപ്പിക്കാനാണ് എതിരാളി സംഘത്തിലുള്ളവരെ ലക്ഷ്യമിട്ട് ഷാനിനെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്.

കൊല്ലപ്പെട്ട ഷാന്‍ ബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്താണെന്നാണ് വിവരം. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പൊലീസിന് നല്‍കിയ മൊഴി. ഒറ്റക്കാണ് ഷാനിനെ ആക്രമിച്ചതെന്നാണ് ജോമോന്‍ പറയുന്നത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജോമോന്റെ സംഘാംഗത്തെ, സൂര്യന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം മുന്‍പ് മര്‍ദിച്ചിരുന്നു. സൂര്യനെക്കുറിച്ച് അറിയാനാണ് ഷാന്‍ ബാബുവിനെ വീട്ടില്‍നിന്ന് കൊണ്ടുപോയെതന്നാണ് റിപ്പോര്‍ട്ട്. നവംബറിലാണ് ജോമോനെ കാപ്പ ചുമത്തി നാടുകടത്തിയത്. പിന്നീട് രണ്ടാഴ്ച മുന്‍പാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടത്തിയത്.












Click it and Unblock the Notifications