ബിജെപി വിട്ട് നിന്നു; കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം നടന്നില്ല
യുഡിഎഫിനും എല്‍ഡിഎഫിനും നഗരസഭയില്‍ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അടുത്തിടെ ഒരു യുഡിഎഫ് അംഗം മരണപ്പെട്ടതോടെ യുഡിഎഫിന്റെ അംഗബലം 21 ആയി

കോട്ടയം: കോട്ടയം നഗരസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള എല്‍ ഡി എഫിന്റെ നീക്കം പരാജയപ്പെട്ടു. ബി ജെ പിയുടെ അംഗങ്ങള്‍ വിട്ട് നിന്നതോടെ ആണ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടത്. ബി ജെ പിയുടെ എട്ട് അംഗങ്ങളാണ് വിട്ട് നിന്നത്. ഇതോടെ ക്വാറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെടുകയായിരുന്നു.
നഗരസഭാധക്ഷ്യ ബിന്‍സി സെബാസ്റ്റ്യന് എതിരെയാണ് എല്‍ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആലോചിച്ചത്. ഇതിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എല്‍ ഡി എഫിലെ 22 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. യു ഡി എഫിലെ 21 അംഗങ്ങളും ബി ജെ പിയിലെ എട്ട് അംഗങ്ങളും പങ്കെടുത്തില്ല.
ധാര്‍മികതയുടെ പേരില്‍ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന് ബി ജെ പി തീരുമാനിക്കുകയായിരുന്നു. നഗരസഭയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും 22 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്ര അംഗമായിരുന്ന ബിന്‍സി സെബാസ്റ്റ്യനെ യു ഡി എഫ് നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കുകയായിരുന്നു.
അടുത്തിടെ യു ഡി എഫില്‍ നിന്നുള്ള ഒരു വനിതാ കൗണ്‍സിലര്‍ മരണപ്പെട്ടിരുന്നു. ഇതോടെ യു ഡി എഫിന്റെ സീറ്റ് നില 21 ലേക്ക് എത്തി. ഇതോടെയാണ് എല്‍ ഡി എഫ് അവിശ്വാസപ്രമേയത്തിന് നീക്കം നടത്തിയത്. അവിശ്വാസ പ്രമേയം പാസാകാന്‍ 27 വോട്ടാണ് വേണ്ടിയിരുന്നത്.
അതിനാല്‍ 22 അംഗങ്ങളുള്ള എല്‍ ഡി എഫിന് എട്ട് അംഗങ്ങളുള്ള ബി ജെ പിയുടെ നിലപാടും നിര്‍ണായകമായി. എന്നാല്‍ ബി ജെ പി വിട്ട് നിന്നതോടെ നീക്കം പരാജയപ്പെട്ടു.












Click it and Unblock the Notifications