ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണവും പണവുമായി 24 കാരി രക്ഷപ്പെട്ടു; ഒരുമണിക്കൂറിനുള്ളില്‍ പൊക്കി പൊലീസ്
കോട്ടയം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച ലഖ്‌നൗ സ്വദേശിനിയായ സ്ത്രീയെ ഒരു മണിക്കൂറിന് ഉള്ളില്‍ പിടികൂടി കോട്ടയം പൊലീസ്. മര്‍ച്ചന്റ് നേവി ക്യാപ്റ്റനായ നോബിള്‍ പെരേരയുടെ വീട്ടില്‍ നിന്നാണ് ലഖ്‌നൗ സ്വദേശിനിയായ ആത്തിഫ മോഷ്ടിച്ചത്. ഒന്നരലക്ഷം രൂപയും മൂന്ന് പവന്റെ മാലയും ആയിരുന്നു ആത്തിഫ മോഷ്ടിച്ച് കടന്ന് കളഞ്ഞത്.
കോട്ടയം ഈസ്റ്റ് പൊലീസ് ആണ് 24 കാരിയായ ആത്തിഫയെ വലയിലാക്കിയത്. മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായി ജോലി ചെയ്യുകയാണ് നോബിള്‍ പെരേര. കഴിഞ്ഞ മാസം പതിനഞ്ചാം തിയതി മുതലാണ് ഇയാളുടെ വീട്ടില്‍ ആത്തിഫ ജോലി ചെയ്യാനായി എത്തിയത്. 89 വയസുകാരിയായ വീട്ടമ്മയെ പരിപാലിക്കാനാണ് ഇവരെ എത്തിച്ചത്. എന്നാല്‍ വീട്ടുകാര്‍ പുറത്തേക്ക് പോയ തക്കം നോക്കി ആത്തിഫ മോഷണം നടത്തുകയായിരുന്നു.

അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. വീട്ടിലെ സി സി ടി വി ഓഫാക്കിയ ശേഷമായിരുന്നു മോഷണം. ഇതിന് പിന്നാലെയാണ് വീട്ടുടമസ്ഥന്‍ വീട്ടിലേക്ക് എത്തിയത്. മോഷണം നടന്നു എന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഉടന്‍ തന്നെ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.
15 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കോട്ടയം റെയില്‍വേ പൊലീസിന്റെ കൂടി സഹായത്തിലാണ് ആത്തിഫയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ആത്തിഫയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.












Click it and Unblock the Notifications