അന്‍വറിന് കുരുക്ക് വീഴുന്നു... ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തു, 'കലാപത്തിന് ശ്രമം'
കോട്ടയം: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന പരാതിയിലാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം സ്വദേശി തോമസ് പിലിയാനിക്കല്‍ ആണ് പരാതിക്കാരന്‍. ഫോണ്‍ ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നും കലാപത്തിന് ശ്രമം നടത്തിയ എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്‍വര്‍ തന്നെ ഫോണ്‍ ചോര്‍ത്തിയ കാര്യം സമ്മതിച്ചിരുന്നു.

കൂടാതെ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് ദൃശ്യമാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്‍വര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ കടന്നുകയറി ഫോണ്‍ ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
അന്‍വറിന്റേത് സൈബര്‍ ക്രൈം ആണ് എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരനായ തോമസ് പീലിയാനിക്കല്‍ ഡിജിപിക്ക് നേരത്തെ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് കറുകച്ചാല്‍ സ്റ്റേഷനിലെത്തി മൊഴിയും നല്‍കി. അതീവ ഗുരുതരമായ വിഷയമാണ് ഫോണ്‍ ചോര്‍ത്തല്‍. സ്വകാര്യത ലംഘനം തൊട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യം വരെ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ട് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി വേണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. നിയമപരമായ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തിയത് ഗൗരവതരമായ നടപടിയാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്. തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതിനിടെ പൊലീസ് ചില കേസുകളില്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ ചോര്‍ത്തി അന്‍വറിന് ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിക്കയും ആണ് ഇതില്‍ സംശയ നിഴലില്‍ ഉള്ളത്. ഈ മൂന്ന് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ് എന്നാണ് വിവരം.












Click it and Unblock the Notifications