ചീട്ടുകളിക്കാരെ പിടിക്കാനെത്തിയ എസ്ഐ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണുമരിച്ചു
പാലാ: പണം വെച്ച് ചീട്ടുകളിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാൻ എത്തിയ എസ് ഐയ്‌ക്ക് വീണുമരിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്. പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ ജോബി ജോർജാണ് (52) മരിച്ചത്. ശനിയാഴ്ച രാത്രി 11ന് രാമപുരം ബസ് സ്റ്റാൻഡിന് സമീപത്തെ ആനത്താരയ്‌ക്കൽ ബിൽഡിംഗ്സിൽ ആണ് സംഭവം. ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ വാടകയ്‌ക്ക് താമസിക്കുന്നുണ്ട്
മൂന്നാം നിലയിൽ പണം വെച്ച് ചീട്ടുകളിയും മദ്യപാനവും ഉണ്ടെന്നും ഇവരുടെ ശല്യംകാരണം ഉറങ്ങാനാകുന്നില്ലെന്നും ഇവിടെ താമസിക്കുന്ന പുനീത് കുമാർ ശനിയാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എസ്.ഐ ജോബിയും സി.പി.ഒ വിനീത് രാജും നൈറ്റ് പട്രോളിംഗിന് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പരാതി കിട്ടിയത്. തുടർന്ന് ജോബി വിനീതിനെയും കൂട്ടി ആനത്താരയ്ക്കൽ ബിൽഡിംഗിലേക്ക് എത്തി.

പൊലീസിനെ കണ്ടതോടെ അവിടെ നിന്നും ഓടി തൊഴിലാളികൾ മുറികളിൽ കയറി വാതിലടച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാതിരുന്നതോടെ ജോബി ചവിട്ടിത്തുറക്കാൻ ശ്രമിച്ചിരുന്നു, അപ്പോൾ ബാലൻസ് തെറ്റി പിന്നോട്ട് മറിഞ്ഞ് ചെറിയ പാരപ്പറ്റ് മാത്രമുള്ള മൂന്നാം നിലയിൽ നിന്ന് വീഴുകയായിരുന്നു. താഴെയുള്ള രണ്ട് കൂർത്ത ഭിത്തികളിൽ ഇടിച്ചായിരുന്നു അദ്ദേഹം താഴെ വീണതു.
ഗുരുതരമായി പരിക്കേറ്റ ജോബിയെ വിനീത് രാജ് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിനീത് അറിയിച്ചതിനെ തുടർന്ന് രാമപുരം എസ്.എച്ച്.ഒയുടെ ചുമതലയുള്ള എസ്.ഐ വിഷ്ണുവും മറ്റൊരു പൊലീസുകാരൻ ലാലുവും കൂടിയെത്തി ജോബിയെ ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. പാലാ ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്.
തുടർന്ന് രാത്രി 12 മണിയോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും എത്തിച്ചു, ഇന്നലെ പുലർച്ചെ 1.50ന് മരിച്ചു. തലയ്ക്ക് പിന്നിൽ മൂന്ന് സെന്റീ മീറ്റർ ആഴത്തിലുള്ള മുറിവും നട്ടെല്ലിനും നെഞ്ചിലെ അസ്ഥികൾക്കും പൊട്ടലുമുണ്ടായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മകൾ: അൽഫോൻസ (സെന്റ് ജോസഫ് പബ്ലിക്ക് സ്‌കൂൾ കാഞ്ഞിരപ്പിള്ളി 9-ാംക്ലാസ് വിദ്യാർത്ഥി). സംസ്കാരം നാളെ രാവിലെ 11ന് പൊൻകുന്നം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.












Click it and Unblock the Notifications