മത്സരം കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍; ശക്തി പരീക്ഷിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസും
കേരള കോണ്‍ഗ്രസുകാരുടെ പരസ്പരമുള്ള പോരാട്ടത്തിനാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. എറണാകുളം ജില്ലയിലെ പിറവം, കോട്ടയത്തെ പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. കെ എം മാണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും തട്ടകമാണ് കോട്ടയം.
എന്നാല്‍ എല്ലാകാലവും യു ഡി എഫിനൊപ്പം നിന്ന ചരിത്രമല്ല കോട്ടയത്തിനുള്ളത്. അഞ്ച് തവണ സി പി എം സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലം കൂടിയാണ് ഇത്. അതിനാല്‍ തന്നെ ഇത്തവണ ആര്‍ക്കൊപ്പമായിരിക്കും കോട്ടയം എന്നത് കണ്ടറിയുക തന്നെ വേണം. കേരള കോണ്‍ഗ്രസുകാരുടെ മത്സരമാണെങ്കിലും സി പി എമ്മിനും കോണ്‍ഗ്രസിനും ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് കോട്ടയം.

കേരള രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മാത്യു മണിയങ്ങാടനിലൂടെ കോണ്‍ഗ്രസാണ് ആദ്യ ജയം സ്വന്തമാക്കിയത്. 1962 ലും മാത്യു വിജയം ആവര്‍ത്തിച്ചു. എന്നാല്‍ കെ എം എബ്രഹാമിലൂടെ സി പി എം 1967 ല്‍ മണ്ഡലം പിടിച്ചെടുത്തു. 1971 ല്‍ ആണ് കേരള കോണ്‍ഗ്രസ് ആദ്യമായി കോട്ടയത്ത് വിജയിക്കുന്നത്. വര്‍ക്കി ഡജോര്‍ജായിരുന്നു സ്ഥാനാര്‍ത്ഥി. 1977 ലും 1980 ലും സ്‌കറിയ തോമസിലൂടെ കേരള കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു.
1984 ല്‍ സി പി എം വീണ്ടും കോട്ടയം പിടിച്ചു. കെ സുരേഷ് കുറുപ്പായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. 1989, 1991, 1996 വര്‍ഷങ്ങളില്‍ കോട്ടയത്ത് നിന്ന് ജയിച്ചാണ് രമേശ് ചെന്നിത്തല പാര്‍ലമെന്റില്‍ എത്തുന്നത്. ഇതിന് മറുപടിയായി 1998, 1999, 2004 വര്‍ഷങ്ങളില്‍ കെ സുരേഷ് കുറുപ്പിലൂടെ സി പി എം മണ്ഡലം പിടിച്ചു. 2009, 2014 വര്‍ഷങ്ങളില്‍ ജോസ് കെ മാണിയായിരുന്നു കോട്ടയം എം പിയായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തന്നെ തോമസ് ചാഴിക്കാടനായിരുന്നു സ്ഥാനാര്‍ത്ഥി. അന്ന് യു ഡി എഫ് പാളയത്തിലായിരുന്നു കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസിനെ കൈവിട്ട് ഇടത്തേക്ക് ചാഞ്ഞ ജോസ് പക്ഷത്തിനും യു ഡി എഫിനൊപ്പം തുടരുന്ന പി ജെ ജോസഫ് പക്ഷത്തിനും അതിനാല്‍ തന്നെ ഇത് ബലപരീക്ഷണത്തിന്റെ വേദിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നേറ്റ തോല്‍വിക്ക് ജോസ് കെ മാണിക്ക് വ്യക്തിപരമായും കണക്ക് ചോദിക്കേണ്ടതുണ്ട്. പിറവം, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും വൈക്കം, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമാണ്. എല്‍ ഡി എഫിനായി ഇത്തവണ സിറ്റിംഗ് എം പി തോമസ് ചാഴിക്കാടന്‍ തന്നെയാണ് മത്സരിക്കുന്നത്.
ഫ്രാന്‍സിസ് ജോര്‍ജാണ് യു ഡി എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ക്രൈസ്തവ സഭകളുടെ നിലപാടാണ് കോട്ടയത്തെ വോട്ടിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. തോമസ് ചാഴിക്കാടന്‍ ക്‌നാനായ സമുദായക്കാരനാണ്. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് ഫ്രാന്‍സിസ് ജോര്‍ജ്.
ബി ജെ പി ഇവിടെ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എ ക്ലാസ് മണ്ഡലമല്ലെങ്കിലും ബി ജെ പിക്ക് പരമ്പരാഗതമായി നിശ്ചിത വോട്ട് ബാങ്കുള്ള മണ്ഡലമാണ് കോട്ടയം. കഴിഞ്ഞ തവണ പി സി തോമസിലൂടെ ഒന്നര ലക്ഷത്തില്‍ അധികം വോട്ട് നേടാന്‍ എന്‍ ഡി എക്ക് സാധിച്ചിരുന്നു. എന്‍ ഡി എയില്‍ നിന്ന് ബി ഡി ജെ എസായിരിക്കും ഇത്തവണ മത്സരിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications