പെറ്റി കേസുകളുടെ എണ്ണം തികക്കണം; നെട്ടോട്ടമോടി പൊലീസ്, അകപ്പെടുന്നത് നിരപരാധികള്‍
62000 കേസുകളാണ് കോട്ടയത്ത് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കോട്ടയത്താണ്

കോട്ടയം: പെറ്റി കേസുകളുടെ എണ്ണം തികക്കാന്‍ നിരപരാധികള്‍ക്ക് മേല്‍ നടപടിയുമായി പൊലീസ്. കോട്ടയം സ്വദേശിയും കോഴിക്കോട് ജോലി ചെയ്യുന്നയാളുമായ ആകാശ് എന്ന യുവാവിന്റെ ജീവിതത്തില്‍ സംഭവിച്ചത് വ്യക്തമായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനോരമ ഓണ്‍ലൈന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരിക്കല്‍ കോഴിക്കോട് വെച്ച് ആകാശിനെ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് പൊലീസ് പിടിച്ചിരുന്നു. നാട്ടുകാരനല്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയച്ച് പെറ്റിക്കേസെടുത്ത് വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞ് കോടതിയില്‍ നിന്ന് സമന്‍സ് വന്നതോടെയാണ് സംഭവത്തിലെ ഉള്ളുകളി വെളിച്ചത്തായത്.
ഹെല്‍മറ്റ് ധരിക്കാതിരുന്നതിനു പുറമേ മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് തുടങ്ങി മോട്ടര്‍ വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ആകാശിന് മേല്‍ ചുമത്തിയിട്ടുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നേ വരെ മദ്യപിച്ചിട്ടില്ലാത്തയാളാണ് താന്‍ എന്നാണ് ആകാശ് പറയുന്നത്.

മാത്രമല്ല മദ്യപിച്ച് വാഹനം ഓടിച്ചിരുന്നെങ്കില്‍ അന്ന് തന്നെ ആകാശിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കേണ്ടതായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് ആകാശിന് എതിരെ ഇത്തരത്തില്‍ കുറ്റങ്ങള്‍ ചുമത്തിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിനിടെ ആണ് കേസ് എണ്ണം തികക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ വെളിവായത് എന്നാണ് റിപ്പോര്‍ട്ട്.
ഓരോ വര്‍ഷം സ്‌റ്റേഷനുകള്‍ക്ക് എം വി പെറ്റി (വാഹനം ഓടിക്കുന്നതിനിടെയുള്ള നിയമ ലംഘനം), ജി എല്‍ പെറ്റി (പൊതു നിയമലംഘനങ്ങള്‍) തുടങ്ങിയവയ്ക്ക് എണ്ണം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇത് എല്ലാ സ്‌റ്റേഷനിലും തികക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം എസ് എച്ച് ഒയ്ക്ക് മേലുദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും.
മോട്ടര്‍വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കോട്ടയത്ത് 2 ലക്ഷത്തോളം പെറ്റിക്കേസുകളാണ് പൊലീസ് എടുത്തത്. ഒരു ലക്ഷം മറ്റു പൊതു പെറ്റിക്കേസുകളും ഉണ്ട്. മറ്റു ജോലികള്‍ക്കിടെയാണ് പൊലീസ് പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പോകുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോട്ടയത്താണ്. 62000 കേസുകളാണ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 90 ശതമാനം സ്വമേധയാ രജിസ്റ്റര്‍ ചെയ്തവയാണ്. എണ്ണം തികയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവ രജിസ്റ്റര്‍ ചെയ്യുന്നത്.












Click it and Unblock the Notifications