പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ജനം വിധിയെഴുതുന്നു, ജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുന്നു. മുന്‍ മുഖ്യമന്ത്രിയും നിലവിലെ എം എല്‍ എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 50 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെ മാത്രം ജയിപ്പിച്ച് വിട്ട പുതുപ്പള്ളിക്കാര്‍ ഇന്ന് മറ്റൊരാളെ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുകയാണ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വലിയ ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്.
വൈകീട്ട് ആറ് വരെയാണ് പോളിംഗ് സമയം. യു ഡി എഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. എല്‍ ഡി എഫിനായി ജെയ്ക് സി തോമസും എന്‍ ഡി എയ്ക്കായി ലിജിന്‍ ലാലും മത്സരിക്കുന്നു. ലൂക്ക് തോമസ് ആണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പി കെ ദേവദാസ്, ഷാജി, സന്തോഷ് പുളിക്കല്‍ എന്നിവര്‍ സ്വതന്ത്രരായും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

മണ്ഡലത്തില്‍ 182 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. വെബ്കാസ്റ്റിങ് ഉള്‍പ്പെടെ ശക്തമായ സുരക്ഷയാണ് പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. 675 അംഗ പൊലീസ് സേനയെ ആണ് നിയോഗിച്ചിരിക്കുന്നത്. 10 പോളിംഗ് സ്റ്റേഷനുകള്‍ പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കണ്.
90281 സ്ത്രീകളും 86132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 957 പേര്‍ പുതിയ വോട്ടര്‍മാരായിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ ആബ്‌സന്റീ വോട്ട് സൗകര്യം പ്രയോജനപ്പെടുത്തി 2491 പേര്‍ വീടുകളില്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
സെപ്തംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. ഉമ്മന്‍ ചാണ്ടി അഞ്ച് പതിറ്റാണ്ടോളം ജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിധി എന്തായിരിക്കും എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ ലോകം. അദ്ദേഹത്തിന്റെ മരണത്തോട് കൂടി രൂപപ്പെട്ട സഹതാപ തരംഗം തങ്ങള്‍ക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.
സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ 50 വര്‍ഷം എം എല്‍ എയായിരുന്നിട്ടും മണ്ഡലത്തില്‍ അടിസ്ഥാന വികസനം പോലും എത്തിയിട്ടില്ല എന്ന പ്രചരണമാണ് എല്‍ ഡി എഫ് മുന്നോട്ട് വെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നയം മുന്‍നിര്‍ത്തിയായിരുന്നു ഇടത് പ്രചരണം. 2016 ല്‍ ഉമ്മന്‍ ചാണ്ടി ജെയ്ക്കിനെ 27000 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000 മാക്കി കുറയ്ക്കാന്‍ ജെയ്ക് സി തോമസിനായി. ഇതാണ് എല്‍ ഡി എഫിന്റെ ആത്മവിശ്വാസം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനായി വോട്ട് തേടിയെത്തിയിരുന്നു.












Click it and Unblock the Notifications