മഴ വന്നിട്ടും ബൂത്തിലേക്കോടി പുതുപ്പള്ളിക്കാര്‍, റെക്കോര്‍ഡ് പോളിംഗ്? ഇനി കാത്തിരിപ്പ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചു. പലയിടത്തും പോളിംഗ് മെല്ലെയാണെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുവരെ 72.91 ശതമാനം പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നുവെങ്കിലും അത് പോളിംഗിനെ കാര്യമായി ബാധിച്ചിട്ടില്ല. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ആളുകള്‍ ക്യൂവില്‍ ഉണ്ടെങ്കില്‍ സ്ലിപ്പ് നല്‍കിയ ശേഷം വോട്ടവകാശം വിനിയോഗിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.
അതേസമയം എല്ലാവരും പോള്‍ ചെയ്‌തെന്ന ഉറപ്പാക്കിയ ശേഷം വോട്ടിംഗ് യന്ത്രങ്ങളുമായി ഉദ്യോഗസ്ഥര്‍ സ്‌ട്രോങ്ങ് റൂമിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ജില്ലാ കളക്ടര്‍ ബൂത്തുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു. പോളിംഗ് വേഗത്തിലാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ മുതല്‍ കണ്ട ജനത്തിരക്ക് അവസാന നിമിഷം വരെ നീണ്ടതോടെ പോളിംഗ് സമയവും നീണ്ടു.

ഏറ്റവുമൊടുവില്‍ മണര്‍കാട് 88 ബൂത്തിലെ വരിയില്‍ ഉണ്ടായിരുന്ന അവസാന വോട്ടറും വോട്ട് ചെയ്തതോടെയാണ് പുതുപ്പള്ളിയില്‍ പോളിംഗ് പൂര്‍ത്തിയായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ശതമാനമാണ് പുതുപ്പള്ളിയില്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ അന്തിമ കണക്കുകള്‍ വരുമ്പോള്‍ അതിനെ മറികടക്കാനുള്ള സാധ്യതയുണ്ട്. റെക്കോര്‍ഡ് പോളിംഗ് തന്നെ ഉണ്ടാവുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിംഗ് 50 ശതമാനം പിന്നിട്ടിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതോടെ വോട്ടര്‍മാര്‍ കൂടുതലായി ബൂത്തുകളിലേക്ക് എത്തിയിരുന്നു. അവസാന മണിക്കൂറില്‍ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിരവധി പേരാണ് എത്തിയത്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജയസാധ്യത പരിശോധിക്കുന്നതിലേക്കും മുന്നണികള്‍ കടന്നിരിക്കുകയാണ്.
ബൂത്ത് ഏജന്റുമാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മുന്നണികളുടെ വിലയിരുത്തല്‍. അതേസമയം വോട്ടിംഗ് നടപടികള്‍ക്ക് വേഗം കുറവായിരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പുതിയ പുതുപ്പള്ളിയുടെ ചരിത്ര ദിനമാണെന്നായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. ഇടത് പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ചയായതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും, ജെയ്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളില്‍ നടന്ന തെരഞ്ഞെടുപ്പാണെങ്കിലും, ചാണ്ടി ഉമ്മന് സാധാരണ വിജയം കൊണ്ട് കാര്യമില്ല. 30000 വോട്ടിന്റെ എങ്കിലം ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ജെയ്ക്കിനെ ഇടതുമുന്നണി രംഗത്തിറക്കിയതും ഉമ്മന്‍ ചാണ്ടിയുടെ തന്നെ ഭൂരിപക്ഷം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ്.












Click it and Unblock the Notifications