Puthuppally Result: ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം; ഉമ്മന്‍ ചാണ്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം. നിലവിലെ ലീഡ് അനുസരിച്ച് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 വോട്ടുകള്‍ക്കും മുകളിലാണ്. ഉമ്മന്‍ ചാണ്ടി സ്ഥാപിച്ച 33255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ഇതാണ് കന്നി മത്സരത്തിനിറങ്ങിയ ചാണ്ടി ഉമ്മന്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. 2011 ല്‍ ആണ് ഉമ്മന്‍ ചാണ്ടി 33255 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്.
ആ തിരഞ്ഞെടുപ്പില്‍ ജയിച്ച ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 53 വര്‍ഷക്കാലം പുതുപ്പള്ളിയിലെ എം എല്‍ എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജെയ്ക് സി തോമസ് ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. നേരത്തെ 2016 ലും 2021 ലും ജെയ്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയെ നേരിട്ടിരുന്നത്.

1957 ലും 1960 ലും കോണ്‍ഗ്രസിന്റെ പി സി ചെറിയാനായിരുന്നു പുതുപ്പള്ളിയില്‍ ജയിച്ചിരുന്നത്. 1967 ല്‍ ഇ എം ജോര്‍ജിലൂടെ സി പി എം മണ്ഡലം സ്വന്തമാക്കി. എന്നാല്‍ 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ഉമ്മന്‍ ചാണ്ടി 7288 വോട്ടിന് ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. അവിടിന്നങ്ങോട്ട് ഉമ്മന്‍ ചാണ്ടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
1977 ലെ തിരഞ്ഞെടുപ്പില്‍ 15910 ആയി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം ഉയര്‍ത്തി. 1980 ലെ തിരഞ്ഞെടുപ്പില്‍ 13659 ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. 1982 ല്‍ 15983 ആയി വീണ്ടും ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം മെച്ചപ്പെടുത്തി. 1987 ല്‍ 9164 ആയി ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. 1991 ല്‍ 54150 വോട്ട് നേടിയ ഉമ്മന്‍ ചാണ്ടി എതിര്‍ സ്ഥാനാര്‍ത്ഥി സി പി എമ്മിന്റെ വി എന്‍ വാസവനേക്കാള്‍ 11811 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
1996 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 10155 ആയിരുന്നു. 2001 ല്‍ ഉമ്മന്‍ ചാണ്ടി 58531 വോട്ടാണ് നേടിയത്. എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എല്‍ ഡി എഫ് സ്വതന്ത്രനായ ചെറിയാന്‍ ഫിലിപ്പായിരുന്നു. 12575 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം. 2006 ല്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കാനെത്തിയത്.
64910 വോട്ട് നേടിയ ഉമ്മന്‍ ചാണ്ടി സി പി എമ്മിന്റെ സിന്ധു ജോയിയെ പരാജയപ്പെടുത്തിയത് 19863 വോട്ടിനായിരുന്നു. അന്നേ വരെ മണ്ഡലത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. എന്നാല്‍ 2011 ല്‍ ഈ റെക്കോഡ് ഉമ്മന്‍ ചാണ്ടി തന്നെ തിരുത്തിക്കുറിച്ചു. 69922 വോട്ട് നേടിയ ഉമ്മന്‍ ചാണ്ടി അന്ന് 33255 വോട്ടിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
2016 ല്‍ എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക് സി തോമസിലൂടെ എല്‍ ഡി എഫിനായി. കേരളമാകെ ഇടത് തംരഗമാഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ 71597 വോട്ടാണ് ഉമ്മന്‍ ചാണ്ടി നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 27092 വോട്ടാണ് ഉമ്മന്‍ ചാണ്ടി അധികം നേടിയത്. 2021 ലെ തിരഞ്ഞെടുപ്പില്‍ സമീപകാലത്ത് ഉമ്മന്‍ ചാണ്ടി നേടിയ ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. അന്ന് 9044 വോട്ടിനാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്.












Click it and Unblock the Notifications