3 സർക്കാർ ഓഫീസുകളിൽ മോഷണശ്രമം; ഷട്ടർ പൊളിച്ച് അകത്തുകയറിയ കള്ളന് കിട്ടിയത് 230 രൂപ
കോട്ടയം: വീടുകളും കടകളും ജ്വല്ലറികളും ബാങ്കുകളുമെക്കെ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവങ്ങളെക്കുറിച്ച് നമ്മൾ കേട്ടുകാണും. എന്നാൽ സർക്കാർ ഓഫീസ് കുത്തിത്തുറന്നുള്ള മോഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുറവായിരിക്കും. എന്നാൽ കോട്ടയത്ത് ഒരു മോഷ്ടാവ് നേരെ ചെന്നത് സർക്കാർ ഓഫീസിലേക്കാണ്. പിന്നെ അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം.
ഒരുപാട് പണം ഉണ്ടാകുമെന്ന് കരുതിയാണോ അതോ ഒരു 'വെറൈറ്റി' ആയിക്കോട്ടെ എന്ന് കരുതിയാണോ എന്നറിയില്ല മൂന്ന് സർക്കാർ ഓറീസുകളിലാണ് കള്ളൻ മോഷ്ടിക്കാൻ കയറിയത്. വൈക്കത്തിനടുത്ത് മറവന്തുരത്തിലെ സർക്കാർ ഓഫീസുകളാണ് മോഷണത്തിനായി തിരഞ്ഞെടുത്തത്. ഷട്ടർ കുത്തിപ്പൊളിച്ചും വാതിൽ തകർത്തും ആയിരുന്നു കള്ളന്റെ മോഷണശ്രമം.

എന്നാൽ കള്ളന്റെ കഷ്ടപ്പാടൊക്കെ വെറുതേയായിപ്പോയി. ഈ ഓഫീസുകളിലൊന്നും തന്നെ കാര്യമായി പണം സൂക്ഷിച്ചിരുന്നില്ല. അങ്ങനെ മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് മൊത്തം കിട്ടിയത് 230 രൂപയായിരുന്നു. കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ ഓഫീസ്, കുലശേഖരമംഗലം സ്മാർട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങിൽ ആയിരുന്നു കള്ളന്റെ മോഷണ ശ്രമം നടന്നത്.
വില്ലേജ് ഓഫീസിന്റെ ഷട്ടർ കുത്തിപ്പൊളിച്ചായിരുന്നു കള്ളൻ അകത്തുകയറിയത്. കിഫ്ബി ഓഫീൻെറ വാതിൽ ആണ് തകർത്തത്. മേശയും അലമാരയുമെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഇവിടെ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളും പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
സമീപത്തുള്ള മൃഗാശുപത്രിയിലും മോഷ്ടാവ് കയറി. ഇവിടെ മേശവലിപ്പിലുണ്ടായിരുന്നു 230 രൂപ കള്ളൻ എടുത്തു. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ശ്വാനസേനയും, ഫോറൻസിക് വിദഗ്ധരും മോഷണം നടന്ന സ്ഥലത്ത് എത്തി തെളിവെടുത്തു. മൂന്നിടത്തും കയറിയത് ഒരാളു തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications