അസ്മാബിയെ മരുമകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്: സ്വർണവും ഫോണുമായി മുങ്ങി, ഒടുവില്‍ പിടിയില്‍
കോഴിക്കോട്: പന്തീരങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകളുടെ ഭർത്താവിനെ പൊലീസ് പിടികൂടി. പന്തീരങ്കാവ് പയ്യടിമീത്തലിലെ ജി എല്‍ പി സ്കൂളിന് സമീപത്തെ ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു അസ്മാബിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവണ്ണൂർ സ്വദേശിയായ അസ്മാബി പന്തീരങ്കാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മകള്‍ക്കും തമിഴ്നാട് സ്വദേശിയായ മരുമകന്‍ മഹമ്മൂദിനുമൊപ്പം കഴിഞ്ഞ നാല് വർഷമായി ഇവിടെ താമസിച്ച് വരികയാണ് അസ്മാബി. ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടക്കം മുതല്‍ തന്നെ പൊലീസിന് കൊലപാതകമാണെന്ന സംശയമുണ്ടായിരുന്നു. മരുമകനെ സ്ഥലത്ത് കാണാത്തതിനെ തുടർന്ന് അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തമിഴ്നാട്ടിലേക്ക് കടക്കാനിരുന്ന ഇദ്ദേഹത്തെ പാലക്കാട് നിന്നം പിടികൂടാനായെന്ന് കേസില്‍ നിർണ്ണായകമായി.

മഹമ്മൂദിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം വരുന്നത്. മദ്യപാനിയായ പ്രതി അസ്മാബിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മഹമ്മൂദ് ആഭരണങ്ങളുമായി കടന്ന് കളയുകയായിരുന്നു. അസ്മാബിയുടെ രണ്ട് പവന്‍ ആഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതായി മകള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ സ്കൂട്ടറില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയാണ് മഹമ്മൂദ് പാലക്കാടേക്ക് പോയത്. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. നഗരത്തില്‍ സെക്യുരിറ്റി ജോലി ചെയ്ത് വരികയായിരുന്നു മഹമ്മൂദ്.












Click it and Unblock the Notifications