• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാറ്റം വേണമെങ്കില്‍ സായുധ വിപ്ലവം അനിവാര്യം: ഗ്രൊവാസു

  • By Desk

കോഴിക്കോട്: സായുധ വിപ്ലവത്തിലൂടെ മാത്രമെ രാജ്യത്ത് മാറ്റങ്ങള്‍ സാധ്യമാകൂ എന്ന് മുന്‍ നക്‌സലൈറ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോവാസു. മാവോയിസ്റ്റുകള്‍ ഭക്ഷണം മോഷ്ടിക്കുന്നുവെന്നത് പൊലീസ് മെനയുന്ന കഥ മാത്രമാണെന്നും ഏറ്റുമുട്ടലുകള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രൊവാസു.

ഫെയ്‌സ്ബുക്ക് പ്രണയം: യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ഏറ്റുമുട്ടല്‍ വ്യാജമായി സൃഷ്ടിച്ചതാണ് എന്ന കാര്യത്തില്‍ സംശയമില്ല. സി.പി ജലീല്‍ നിരായുധനായിരുന്നു. സര്‍വായുധരായ ഭരണകൂടമാണ് സംയമനം പാലിക്കേണ്ടത്. എതിര്‍ക്കുന്നവരെയൊക്കെ കൊന്നുകളയാം എന്ന നിലപാട് ശരിയല്ല. വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല പൊലീസ് ആസൂത്രണം ചെയ്തതാണ് എന്നു തെളിഞ്ഞിരിക്കുകയാണ്. നക്‌സല്‍ വര്‍ഗീസ് മുതല്‍ കുപ്പു ദേവരാജ്, അജിത എന്നിവരുടെ കൊലകളിലെ സമാനതകള്‍ ഇവിടെയും കാണാം.

മാവോബാധിത മേഖല എന്നറിയപ്പെടുന്ന ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നും വ്യത്യസ്തമാണ് കേരളം. എന്നാല്‍, കോടിക്കണക്കിനു രൂപയുടെ കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നതിനായി തണ്ടര്‍ബോള്‍ട്ട് സംഘത്തെ രൂപീകരിച്ച് ഏറ്റുമുട്ടല്‍ ആസുത്രണം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഐജി ബല്‍റാംകുമാര്‍ ഉപാധ്യയ റിസോര്‍ട്ട് സന്ദര്‍ശിച്ചത് കൊലയുടെ മുന്നൊരുക്കത്തിനാണോ എന്ന് സംശയമുണ്ട്.

മാവോയിസ്റ്റുകള്‍ മാന്യമായി പെരുമാറിയെന്നും അവരല്ല ആദ്യം വെടിവച്ചതെന്നും റിസോര്‍ട്ട് ജീവനക്കാര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. രാത്രി മുതല്‍ പിറ്റേന്ന് അതിരാവിലെ വരെ വെടിയൊച്ച നീണ്ടുനിന്നു എന്ന വാദംതന്നെ കളവാണ്. ഒരു പൊലീസുകാരനുപോലും പരുക്കേറ്റതായ വാര്‍ത്ത ഇതുവരെയും പുറത്തുവന്നിട്ടില്ല.

പത്രപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സംഭവസ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്നും വിലക്കിയിരിക്കുന്നു. ഇതു മറ്റൊരിടത്തും നടക്കാത്തകാര്യമാണ്. മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതില്‍നിന്ന് റിസോര്‍ട്ട് ജീവനക്കാരെയും വിലക്കിയിരിക്കുന്നു. സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതിനെ അധികൃതര്‍ ഭയക്കുന്നതായിട്ടാണ് ഇതില്‍നിന്നും മനസിലാവുന്നത്. റിസോര്‍ട്ട് മുഴുവന്‍ പൊലീസ് സേന അവരുടെ ക്യാംപായി മാറ്റിയിരിക്കുകയാണ്. കാശ്മീരിലും ഇതുതന്നെയാണ് നടക്കാറുള്ളതെന്നും മനുഷ്യാവകാശ ഏകോപന സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളത്തില്‍ തുടര്‍ച്ചയായി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നത് വര്‍ഗസമര വക്താക്കളായ സിപിഎമ്മിന്റെ ഭരണകാലത്താണ്. 2018 ഫെബ്രുവരിയില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ മാവോയിസ്റ്റ് ബാധിത മേഖലകളായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെയുള്ള ഒരു സാഹചര്യം ഇല്ലാതിരുന്നിട്ടും വ്യാജറിപ്പോര്‍ട്ടുകള്‍ കൊടുത്തുകാണ്ടാണ് സംസ്ഥാനം ഇതു സാധിച്ചെടുത്തത്.

വയനാടിനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് വ്യാജഏറ്റുമുട്ടല്‍ കൊല ആസൂത്രണം ചെയ്തതെന്നും അവര്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ.എം ഷാനവാസ്, ദേശീയ സെക്രട്ടറി റെനി ഐലിന്‍, എം.കെ ഷറഫുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode

English summary
Gro vasu's comment abourt maoist attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X