പ്രളയക്കെടുതി: ധൈര്യമായി വീട്ടിലേക്ക് മടങ്ങാം, എല്ലാ ജോലികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാര്‍!
കോഴിക്കോട്: കാലവര്‍ഷക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീടുകള്‍ വൃത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനിലേക്ക് ഒരു കോള്‍ ചെയ്യുകയേ വേണ്ടൂ. വീട് വൃത്തിയാക്കല്‍, ഇലക്ട്രിക്കല്‍ അറ്റകുറ്റപണികള്‍ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ നിങ്ങളുടെ വീട്ടിലെത്തും. വെള്ളം കയറി തകരാറിലായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നന്നാക്കുന്നതിനും ജില്ലാ ഭരണകൂടം അവസരമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കാന്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങി അടിയന്തിര പ്രാധാന്യത്തോടെ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നന്നാക്കുന്നതിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കേന്ദ്രമായി എന്‍ഐടിയുടെ സഹകരണത്തോടെയാണ് താല്‍ക്കാലിക വര്‍ക്ഷോപ്പ് ആരംഭിക്കുന്നത്. പി.ഡബ്ലു.ഡി ഇലക്‌ടോണിക്‌സ് വിഭാഗം വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കും. റഫ്രിജറേറ്റര്‍, ടെലിവിഷന്‍, ടോര്‍ച്ച് തുടങ്ങിയ തകരാറിലായ ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചാല്‍ നന്നാക്കിയെടുക്കാം. ഞായറാഴ്ച (ആഗസ്റ്റ് 25) വരെ താല്‍ക്കാലിക വര്‍ക് ഷോപ്പില്‍ സേവനങ്ങള്‍ ലഭ്യമാകും.
വീടുകളുടെ ഇലക്ട്രിക്കല്‍ തകരാറുകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ രംഗത്തുള്ള ജില്ലയിലെ സംഘടനകളുടെ സഹകകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വാഹനത്തില്‍ വീടുകളിലെത്തി തകരാറുകള്‍ പരിഹരിക്കും. ഇതിനായി കെഎസ്ഇബിയുടെ സഹായവും ലഭ്യമാക്കും.
ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജീവമായി തുടരുകയാണ്. കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഒരുക്കുന്നതും പുരോഗമിക്കുകയാണ്. മടിയില്ലാതെ ജില്ലയുടെ ദുരിത നിവാരണപ്രവര്‍ത്തനത്തിന് ഏത് ജോലിയും ചെയ്യാന്‍ തയ്യാറായി വിവിധ മേഖലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആശങ്കകളില്ലാത്ത വിധം വീടുകള്‍ സജ്ജമാക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാണെന്നും ഏത് നിമിഷവും എതാവശ്യങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനെ സമീപിക്കാമെന്നും ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
