കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണിയില്ലാതെ ജയിക്കില്ല എന്നു പറഞ്ഞപ്പോഴും ചെങ്ങന്നൂരില്‍ ജയിച്ചുവെന്ന് കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: വര്‍ഗ്ഗീയ ഭരണൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ മതനിരപേക്ഷ ശക്തികളുമായി കൈകോര്‍ത്ത് പോകണമെന്നും അതിനായി വിശാലമായ ജനകീയവേദി പ്രാവര്‍ത്തികമാക്കണമെന്നുമാണ് സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന മേഖലാ ജനറല്‍ബോഡിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചെങ്ങന്നൂരില്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്റെ മികവ് നാം കണ്ടു. മാണിയില്ലാതെ ജയിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പറഞ്ഞപ്പോഴും ശരിയായ ഇടതുപക്ഷ നിലപാടാണ് നാം മുന്നോട്ട് വെച്ചത്. അതിന്റെ കൂടി വിജയമായിരുന്നു ചെങ്ങന്നൂരിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ - ജില്ലാ കൗണ്‍സില്‍ - മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ - ബ്രാഞ്ച് സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

kaanamrajendran11

ഇത്തരത്തില്‍ രൂപീകരിക്കുന്നത് ഒരു രാഷ്ട്രീയ വേദിയല്ല, മറിച്ച് വിശാലമായ ജനകീയ ഐക്യമായിരിക്കും. മാറിമാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസൃതമായി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാം. ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അതിനനുസരിച്ച് അയവോടുകൂടിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നത്. അമിതാധികാരവുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിനെതിരെ വിശാലമായ ഐക്യനിര പടുത്തുയര്‍ത്തുകയെന്നത് അടിയന്തിര കര്‍ത്തവ്യമാണ്. തെരഞ്ഞെടുപ്പില്‍ അതാതുകാലത്ത് ഉചിതമായ തീരുമാനം എടുക്കാമെന്നും പ്രമേയത്തില്‍ പറയുന്നു. നാലുവര്‍ഷത്തെ മോദി ഭരണം ജനങ്ങളിലുണ്ടാക്കിയ പൊതുവികാരം ഉപയോഗപ്പെടുത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണം.

ആര്‍ എസ് എസ്സും സംഘപരിവാറും കയ്യാളുന്ന കേന്ദ്ര ഭരണത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചും അവരുടെ വഴിയെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടോടെയാണ് സി പി ഐയുടെ പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതയെക്കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. നാലു വര്‍ഷംകൊണ്ട് അതെല്ലാം പൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് രാജ്യത്തിന് ബോധ്യമായി. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളാകെ തകര്‍ക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്.

kanamspeech-

സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവുമെല്ലാം നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായി. ത്യാഗോജ്ജ്വലങ്ങളായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങലെല്ലാം ആര്‍ എസ് എസ്സുകാരുടെ കാല്‍ക്കല്‍ അടിയറവെയ്ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളെയാകെ ഒന്നിപ്പിക്കുന്ന വിശാലമായ ഒരു വേദി ഉയര്‍ന്നുവരികതനനെ വേണം. ഇതിലൂടെ മാത്രമേ ആര്‍ എസ് എസ്, ബി ജെ പി, സംഘപരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്താന്‍ കഴിയൂ. അടുത്തിടെ സമാപിച്ച സി പി എം, സി പി ഐ (എം എല്‍) ലിബറേഷന്‍ പാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസുകളും ബി ജെ പിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ അനിവാര്യതയാണ് വെളിപ്പെടുത്തുന്നത്.

രാജ്യം എല്ലാമേഖലകളിലും താഴോട്ടേക്ക് കൂപ്പുകുത്തുമ്പോള്‍ സേവനമേഖലയിലെ വളര്‍ച്ചാനിരക്കാണ് കേന്ദ്ര ഭരണകൂടം ഉയര്‍ത്തിക്കാട്ടുന്നത്. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ അന്തരം അനുദിനം വര്‍ധിച്ചു വരുന്നു. നമ്മുടെ സമ്പത്തിന്റെ 79 ശതമാനവും കയ്യാളുന്നത് ഒരു ശതമാനം വരുന്ന ചെറുവിഭാഗമാണ്. ശതകോടീശ്വരന്‍മാര്‍ വളരുമ്പോള്‍ രാജ്യത്ത് ദാരിദ്ര്യവും വര്‍ധിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുമ്പോഴാണ് ഇത്തരത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിന് കേന്ദ്ര ഭരണകൂടം തയ്യാറായിട്ടുള്ളത്. ഒപ്പം ശതകോടീശ്വരന്‍മാര്‍ക്ക് ഇഷ്ടംപോലെ നികുതി ഇളവും നല്‍കുകയാണെന്ന് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടരിമാരായ സത്യന്‍ മൊകേരി, അഡ്വ. കെ പ്രകാശ്ബാബു, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി വസന്തം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍, വയനാട് ജില്ലാ സെക്രട്ടരി കെ രാജന്‍ എം എല്‍ എ എന്നിവര്‍ സംബന്ധിച്ചു. സി പി ഐ കോഴിക്കോട് ജില്ലാസെക്രട്ടറി ടി വി ബാലന്‍ സ്വാഗതം പറഞ്ഞു.

Kozhikode
English summary
kozhikkode local news Kanam rajendran about chengannur election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X