22% വരുന്ന വവ്വാൽ കൂട്ടത്തിൽ വൈറസ് സാന്നിധ്യം: എന്തുകൊണ്ട് കോഴിക്കോട് വീണ്ടും നിപ ?
കോഴിക്കോട്: കേരളത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. 2018 ല്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ബാധ 2019 ലും 2021 ലും വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. 2019 ലെ രോഗിയെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും 2021 ലെ രോഗി മരണപ്പെട്ടു. ഇപ്പോഴത്തെ കേസില്‍ 2 പേർ മരണപ്പെട്ടതിന് ശേഷമാണ് രോഗ ബാധ സ്ഥിരീകരിക്കുന്നത്. മൂന്നുപേർ രോഗബാധിതരായി ചികിത്സയിലുമാണ്.
2018 ല്‍ നിപ്പ സ്ഥിരീകരിച്ചതിന്റെ പരിസര പ്രദേശങ്ങളിലാണ് ഇപ്പോള്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. 2018 ല്‍ തന്നെ ഈ മേഖലയിൽ നിപ്പ വീണ്ടും വരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ 2018 ൽ നിപ്പ പ്രതിരോധിച്ച ആരോഗ്യ വകുപ്പിലെ സംഘത്തിലെ പ്രധാനി അന്നത്തെ അഡിഷനൽ ചീഫ് സെക്രട്ടറിയുമായ രാജീവ് സദാനന്ദന്‍ വ്യക്തമാക്കുന്നത്.

നേരത്തെ നടത്തിയ പരിശോധനയില്‍ 22% വരുന്ന വവ്വാൽ കൂട്ടത്തിൽ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വവ്വാലുകള്‍ അവിടെ തന്നെയുണ്ടാകാം. അതിനാല്‍ തന്നെ നിപ വൈറസ് വീണ്ടും വരാനുള്ള സാധ്യത ശക്തമാണ്. വവ്വാലുകള്‍ 50 കിലോമീറ്റർ പരിധിയില്‍ പറന്ന് നടക്കും. ഇത് രോഗബാധ മറ്റു മേഖലകളിലേക്ക് എത്താനുള്ള വഴിയൊരുക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് നിപ എന്ന് പറയാന്‍ സാധിക്കില്ല. രണ്ടാം വട്ടം എറണാകുളം ജില്ലയില്‍ നിപ്പബാധ കണ്ടെത്തിയിരുന്നല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഒരിക്കൽ ഒരു സ്ഥലത്ത് ബാധിച്ചാൽ തുടർ വർഷങ്ങളിലും അവിടെ നിപയുണ്ടാകും. ആദ്യ വന്ന മലേഷ്യയില്‍ വീണ്ടും നിപ കേസുകളുണ്ടായി. ഇതിനെ നേരിടുക എന്നുള്ളത് മാത്രമാണ് പ്രധാനം. 2018 ൽ ജൂലൈ മാസത്തിലാണ് നിപ്പ ബാധ. 2023 ൽ സെപ്റ്റംബറിലാണ് രോഗബാധ. ഇത് പ്രധാന പ്രശ്നമാണ്. വവ്വാലുകളുടെ പ്രജനന കാലം വച്ചു നോക്കുമ്പോൾ ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യത. എന്നാല്‍ ഇപ്പോഴത്തെ കേസ് ഓഗസ്റ്റ് മാസം അവസാനമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമാകണം ഈ മാറ്റമെന്ന് അനുമാനിക്കാം. ജനിതക ഘടനയില്‍ എന്തെങ്കിലും മാറ്റം വന്നോയെന്ന സംശയവും പ്രധാനമായും ഉണ്ട്.
2018 ലെ നിപ വൈറസ് ബാധ സമയത്ത് വൈറസിന്റെ ജനിത ഘടന കണ്ടെത്തിയിരുന്നു. അതിന് അനുസരിച്ചാണ് ചികിത്സയും പ്രതിരോധവും ഏകോപിപ്പിച്ചിരുന്നത്. വൈറസിന്റെ ജനിതക ഘടന മാറിയിട്ടുണ്ടെങ്കില്‍ ചികിത്സയിലും പ്രതിരോധത്തിലും അതു ബാധിക്കും. രോഗത്തിന്റെ സ്വഭാവവും പകർച്ചാരീതിയും മാറിയിട്ടുണ്ടോ എന്ന് അറിയേണ്ടതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications