'മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ അടിപിടി; അഞ്ചാറ് പേര്‍ ആശുപത്രിയില്‍'; ചിരി പൊട്ടിച്ച് സലാം

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളോട് സരസമായി പ്രതികരിച്ച് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എന്തൊക്കെയാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ വാര്‍ത്തകള്‍ കണ്ട് ഞാന്‍ ചിരിച്ചുവെന്നും പുതിയ ഭാരവാഹികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കവെ സലാം പറഞ്ഞു.
ഉന്നതാധികാര സമിതിയില്‍ ഭയങ്കര അടിയും ഇടിയുമൊക്കെയുണ്ടായി. അഞ്ചാറ് പേര് ആശുപത്രിയിലാണ്. മൂന്ന് പേര്‍ മോര്‍ച്ചറിയിലാണ്. നിങ്ങള്‍ക്ക് കള്ളം പറയുന്നത് നിര്‍ത്തിക്കൂടേ, ഇന്നലെ വൈകുന്നേരം തുടങ്ങിയതാണ്. ഞാനിതെല്ലാം കണ്ട് ചിരിക്കുകയായിരുന്നു. നിങ്ങളെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസം ഇല്ലാതാക്കരുത്. ആരെങ്കിലും വിളിച്ചുപറയുന്നത് നിങ്ങള്‍ വാര്‍ത്തയാക്കരുത്. എന്നോട് ചോദിച്ചാല്‍ ഞാന്‍ സത്യം പറയൂലേ. എന്നെ വിളിക്കാത്തത് സത്യം വേണ്ടാ എന്ന് വിചാരിച്ചിട്ടാണോ എന്നും പിഎംഎ സലാം ചോദിച്ചു.
നിങ്ങളെ പല കാര്യങ്ങളിലും ഈ ആളുകള്‍ കുപ്പിയിലിറക്കിയിട്ടുണ്ട്. ആ അനുഭവം വച്ച് ഇനിയും അത് ചെയ്യരുതെന്ന് ഞാന്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നെ വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് സ്‌നേഹത്തിന്റെ ഭാഷയിലാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഞങ്ങളില്‍ പെട്ടവര്‍ തന്നെയാകും നിങ്ങളോട് പറയുന്നത്. എങ്കിലും സത്യമാണോ എന്ന് നോക്കണമെന്നും പിഎംഎ സലാം പറഞ്ഞു.
പിഎംഎ സലാം, എംകെ മുനീര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയാണ് സലാമിനെ നിര്‍ദേശിക്കുന്നതെന്നും ബാക്കിയുള്ളവര്‍ മുനീറിനെ നിര്‍ദേശിക്കുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ യാതൊരു തര്‍ക്കവുമുണ്ടായില്ലെന്നും ഐകകണ്‌ഠ്യേനയാണ് സംസ്ഥാന നേതാക്കളെ തിരഞ്ഞെടുത്തതെന്നും സലാം അവകാശപ്പെടുന്നു.
നേരത്തെ കെപിഎ മജീദ് ആയിരുന്നു ജനറല്‍ സെക്രട്ടറി. അദ്ദേഹം തിരൂരങ്ങാടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കുകയായിരുന്നു. ഇപ്പോള്‍ ഈ പദവിയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തിരിക്കുകയാണ്. 500ലധികം സംസ്ഥാന കൗണ്‍സിലര്‍മാരാണ് ഇന്ന് കോഴിക്കോട് യോഗം ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ഭാരവാഹികളുടെ പേര് ഇടി മുഹമ്മദ് ബഷീറാണ് കൗണ്‍സിലില്‍ വായിച്ചതെന്നും അത് യോഗം പാസാക്കുകയായിരുന്നുവെന്നും സലാം പറഞ്ഞു.
അടുത്ത നാല് വര്‍ഷം പുതിയ സമിതിയാകും മുസ്ലിം ലീഗിനെ നയിക്കുക. പ്രസിഡന്റ് സാദിഖലി തങ്ങളാണ്. വൈസ് പ്രസിഡന്റുമാര്‍ 10 പേരുണ്ട്. 11 സെക്രട്ടറിമാരുണ്ട്. സിടി അഹമ്മദാലിയാണ് സംസ്ഥാന ട്രഷറര്‍. ഭാരവാഹികളില്‍ ആറ് പേര്‍ പുതിയതാണ്. നാലഞ്ചു പേര്‍ ഒഴിയുകയും ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചിട്ടുണ്ട്. 26 അംഗങ്ങളാണ് സെക്രട്ടേറിയറ്റിലുള്ളത്.












Click it and Unblock the Notifications