യുഡിഎഫിന്റെ ആരോപണം പൊളിഞ്ഞു; കാണാതായ ലീഗ് മെമ്പര്‍ തിരിച്ചെത്തി, മറ്റൊരു ട്വിസ്റ്റും
കോഴിക്കോട്: കാണാതായ മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ആദില നിബ്രാസ് പൊലീസില്‍ ഹാജരായി. ആഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയിലാണ് യുവതി നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുലിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇരുവരും വിവാഹിതരാണെന്ന് അറിയിച്ചതിനാല്‍ പൊലീസ് രേഖകള്‍ പരിശോധിച്ച് വരികയാണ്.

രണ്ട് പേരെയും ഇന്ന് വൈകീട്ട് പേരാമ്പ്ര കോടതിയില്‍ ഹാജാരാക്കി. തിങ്കളാഴ്ച മുതല്‍ ആദിലയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുസ്ലീം ലീഗ് പ്രതിനിധിയുടെ തിരോധാനത്തിന് പിന്നില്‍ എല്‍ ഡി എഫ് നീക്കമുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ഭരണം നിലനിര്‍ത്താനുള്ള എല്‍ ഡി എഫ് തന്ത്രത്തിന്റെ ഭാഗമാണ് ആദിലയുടെ തിരോധാനമെന്നാണ് മാതാവ് ആരോപിച്ചത്.

ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് ഭരിക്കുന്നത്. 15 അംഗ ഭരണസമിതിയില്‍ എല്‍ ഡി എഫിന് എട്ടും യൂ ഡി എഫിന് ഏഴും സീറ്റുകളാണുള്ളത്. സി പി ഐയുടെ ഇടി രാധയാണ് പഞ്ചായത്ത് പ്രസിഡന്റ്. അസുഖബാധിതയായതിനെ തുടര്‍ന്ന് രാധ ജനുവരി മുതല്‍ ദീര്‍ഘകാല അവധിയിലാണ്. ജൂണില്‍ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് വി പി പ്രവിതയ്ക്കെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.

അസുഖത്തെ തുടര്‍ന്ന് രാധയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. അവിശ്വാസത്തെ അനുകൂലിച്ചും എതിര്‍ത്തും ഏഴ് വോട്ടുകളാണ് ലഭിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. സി പി എമ്മും സി പി ഐയും കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്താണ് ചെറുവണ്ണൂര്‍. പ്രസിഡന്റിന്റെ വാഹനത്തിന്റെ ഡ്രൈവറെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്.

പിന്നാലെ മറ്റ് വിഷയങ്ങളിലേക്കും തര്‍ക്കങ്ങള്‍ വളര്‍ന്നു. ഈ വിഷയത്തില്‍ ജില്ലാ നേതൃത്വം ഇടപട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. ആവള മഠത്തില്‍ മുക്കില്‍ സി പി ഐ, സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷം മുതലെടുത്താണ് കോണ്‍ഗ്രസ് അംഗം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ എല്‍ ഡി എഫ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ഈ അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് എല്‍ ഡി എഫിന് അവിശ്വാസ പ്രമേയം മറികടക്കാനായത്. എല്‍ ഡി എഫിലെ ഭിന്നത അവസരമാക്കി വീണ്ടും അവിശ്വാസ പ്രമേയത്തിന് മുതിരാന്‍ സാധ്യതയുണ്ട്.

ഇടത് മുന്നണിയിലെ ഭിന്നത അവസരമാക്കി യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് മുതിരാന്‍ സാധ്യതയുണ്ട്. മുസ്ലീം ലീഗ് മെമ്പറുടെ തിരോധാനം അവിശ്വാസ പ്രമേയം മുന്നില്‍ കണ്ട് എല്‍ ഡി എഫ് നടത്തിയ നീക്കമാണിതെന്നായിരുന്നു യു ഡി എഫിന്റെ ആക്ഷേപം. എന്നാല്‍ ആദില പൊലീസ് സ്റ്റേഷനില്‍ ഹാജരായതോടെ യു ഡി എഫ് ആരോപണം പൊളിഞ്ഞു.












Click it and Unblock the Notifications