നിപ: എല്ലാ കണ്ടയിന്മെന്റ് സോണുകളും നീക്കി, പക്ഷെ ഐസൊലേഷന്‍ ലംഘിച്ചാല്‍ കർശന നടപടി
കോഴിക്കോട്: ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.
ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ
സാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ. ആർ. ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും

ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്ന്മെന്റ് സോണുകൾ ഇല്ലാതായി.
അതേസമയം, നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചു. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ സമ്പര്‍ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോട് കൂടി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. അത് കൃത്യമായി പാലിക്കപ്പെടണം.
കണക്കാക്കിയിരിക്കുന്ന ഇന്‍ക്യുബേഷന്‍ പീരിഡിന്റെയും ഇരട്ടി അതായത് 42 ദിവസം പുതിയ രോഗികള്‍ ഒന്നും ഉണ്ടാകുന്നില്ല എങ്കില്‍ മാത്രമേ നിപ ഔട്ട് ബ്രേക്കില്‍ നിന്നും പൂര്‍ണ വിമുക്തി നേടി എന്നു പറയാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണം. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications