നിപ: 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, കോഴിക്കോട് നിയന്ത്രണങ്ങളിൽ ഇളവ്
കോഴിക്കോട്: നിപ സമ്പര്‍ക്ക പട്ടികയിലുളള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതുവരെ 143 പേരുടെ സാംപിളുകളാണ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ ആണ്‍കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുളള ആര്‍ക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. സെപ്റ്റംബര്‍ 5 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പന്ത്രണ്ട് വയസ്സുകാരന്‍ നിപ ബാധിച്ച് മരണപ്പെട്ടത്. രണ്ട് വര്‍ഷത്തിനിടെയാണ് കോഴിക്കോട് ആദ്യമായി വീണ്ടും നിപ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡിനിടെ നിപയുമെന്ന ആശങ്ക പരന്നു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ കോഴിക്കോട്ടെ നിപ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരും.
മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലുമാണ് കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്.

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറത്തിറക്കുന്നതാണ്. കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്‌സിനെടുക്കാന്‍ പോകരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
9593 പേരാണ് കണ്ടൈന്‍മെന്റ് വാര്‍ഡുകളില്‍ ഇനി ആദ്യഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. 500 മുതല്‍ 1000 വരെയുള്ള പല സെക്ഷനുകള്‍ തിരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എന്‍.ഐ.വി. പൂനയിലാണ് ഇത് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications