വോട്ടിലെ വര്‍ധനവ്; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് 6 മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ കോഴിക്കോട് ജില്ലയിലും അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും നേടാന്‍ മുന്നണിക്ക് സാധിച്ചില്ല. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നിടത്ത് മാത്രമാണ് അധികാരത്തില്‍ എത്താന്‍ സാധിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന 24 എന്നത് 27 ആയി ഉയര്‍ത്താന‍് സാധിച്ചിട്ടുണ്ട്. എന്നാല്‍ ശേഷിക്കുന്ന 43 ഇടത്തും ഭരണം ഇടതിനാണ്. ആശ്വസിക്കാന്‍ കഴിയുന്ന ഏക നേട്ടം നഗരസഭഗകളിലുണ്ടാക്കിയ മുന്നേറ്റമാണ്. ഭരണം കഴിഞ്ഞ തവണത്തെ ഒന്നില്‍ നിന്നും നാലായി ഉയര്‍ത്താന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മുന്നണിക്ക് ജില്ലയിലുണ്ടായത് പരാജയം തന്നെയാണെങ്കിലും ആശ്വസിക്കാന്‍ കഴിയുന്ന ചില കണക്കുകള്‍ തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിന് നല്‍കുന്നുണ്ട്.

കോഴിക്കോട്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലൂടനീളം എന്നപോലെ കോഴിക്കോട് ജില്ലയിലും ദയനീയ പ്രകടനമായിരുന്നു എല്‍ഡിഎഫ് കാഴ്ചവെച്ചത്. കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ എംകെ രാഘവും വടകരയില്‍ കെ മുരളീധരന്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച് കയറിയത് എല്‍ഡിഎഫിന്‍റെ പല കോട്ടകളും ഇളക്കിക്കൊണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയെങ്കിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്ഥിതി ഏറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും വോട്ട് നിലയും തട്ടിച്ചു നോക്കുമ്പോള്‍ കൂട്ടു വോട്ടുകള്‍ നേടാന്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫിനാണ് സാധിച്ചത്.

യുഡിഎഫ് വിജയം
2016 ല്‍ ജില്ലയില്‍ ആകെയുള്ള 13 അസംബ്ലി മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമായിരുന്നു യുഡിഎഫ് വിജയം. വടകര, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, നാദാപുരം, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, ബേപ്പൂര്‍, കൊടുവള്ളി മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ കുറ്റ്യാടിയിലും കോഴിക്കോട് സൗത്തിലും വിജയിച്ച് യുഡിഎഫിന്‍റെ മാനം രക്ഷിച്ചത് മുസ്ലിം ലീഗായിരുന്നു.

സമീപകാല ചരിത്രം
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ നോക്കുമ്പോള്‍ 13 ല്‍ ആറിടത്തും യുഡിഎഫിന് വ്യക്തമായ മേധാവിത്വം ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണിക്ക് ഇത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഈ വോട്ടുകള്‍ നിലനിര്‍ത്താന‍് സാധിച്ചാല്‍ കോഴിക്കോടിന്‍റെ സമീപകാല ചരിത്രം മാറ്റിയെഴുതുന്ന ജനവിധി ഉണ്ടാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

വടകരയില്‍
എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ വടകരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 18000 ത്തിലേറെ വോട്ടുകള്‍ അധികമായി നേടാന്‍ യുഡിഎഫിന് സാധിച്ചു. ആര്‍എംപിയുടെ സാന്നിധ്യമാണ് വടകരയില്‍ പ്രതിഫലിച്ചത്. എന്നാല്‍ എല്‍ജെഡി മുന്നണിയിലേക്ക് തിരിച്ചെത്തിയതോടെ എല്‍ഡിഎഫും ഇവിടെ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ആറായിരം വോട്ടുകള്‍ക്ക് മുകളിലാണ് എല്‍ഡിഎഫിന്‍റെ വര്‍ധന.

തിരുവമ്പാടിയില്‍
എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയില്‍ ലീഡ് പിടിക്കാന്‍ യുഡിഎഫിന് സാധിച്ചു. ഇടതിന് 66394 വോട്ടുകള്‍ ഇവിടെ ലഭിച്ചപ്പോള്‍ യുഡിഎഫിന്‍റെ വോട്ട് നില 71640 ആണ്. കൊടുവള്ളിയില്‍ എല്‍ഡിഎഫിനെ യൂഡിഎഫ് മറികടന്നു. 64346 വോട്ടുകള്‍ ഇടതിന് ലഭിച്ചപ്പോള്‍ ലീഗിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വോട്ടുകള്‍ 72277 ആണ്.

കോഴിക്കോട് നോര്‍ത്തിലും സൗത്തിലും
അതേസമയം തന്നെ, കോഴിക്കോട് നഗരസത്തിലേക്ക് വരുമ്പോള്‍ യുഡിഎഫ് പ്രകടനം ദയനീയമാണ്. കോഴിക്കോട് നോര്‍ത്തിലും സൗത്തിലും മുന്നണിയുടെ പ്രകടനം ദയനീയമാണ്. രണ്ടിടത്തും വളര്‍ച്ച താഴോട്ടാണ്. 2016 ലെ വോട്ട് നില വെച്ചു നോക്കുമ്പോള്‍ നോര്‍ത്ത് മണ്ഡലത്തില്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. സൗത്തില്‍ ഇത് മൂവായിരത്തിന് മുകളിലുമാണ്. രണ്ടിടത്തും എല്‍ഡിഎഫ് വ്യക്തമായ ലീഡ് പിടിക്കുകയും ചെയ്തു.

ബിജെപി
നഗരപരിധിയില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. കോര്‍പ്പറേഷനില്‍ ഇരുപത് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് സാധിച്ചു. നോര്‍ത്തിലും സൗത്തിലും 2016 നെ അപേക്ഷിച്ച് മുവായിരത്തിലേറെ വോട്ടുകള്‍ അവര്‍ വര്‍ധിപ്പിച്ചു. നഗരത്തിന് പുറത്ത് കൊയിലാണ്ടിയിലും പേരാമ്പ്രയിലും മാത്രമാണ് ബിജെപി വോട്ടുകള്‍ വര്‍ധിച്ചത്.