ഉണ്ണികുളം സഹകരണ സംഘം തട്ടിപ്പ്; നഷ്ടമായത് കോടികള്‍, ഓഡിറ്റര്‍മാര്‍ക്കും പങ്കുണ്ടെന്ന് നിക്ഷേപകര്‍
എകരൂല്‍: ഉണ്ണികുളം വനിതാ സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതികള്‍ അവസാനിക്കുന്നില്ല. ആരോപണവിധേയയായ മുന്‍ സെക്രട്ടറി പികെ ബിന്ദു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബാലുശ്ശേരി പോലീസാണ് ഇവരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ നഷ്ടമായ പണത്തിന്റെ കണക്കാണ് നിക്ഷേപകര്‍ക്ക് ചോദിക്കാനുള്ളത്.
വനിതാ സഹകരണ സംഘത്തിന്റെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് വലിയ നിക്ഷേപത്തട്ടിപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ വനിതാ സഹകരണ സംഘം. ബിന്ദുവിന് മാത്രമല്ല ഈ തട്ടിപ്പില്‍ പങ്കുള്ളതെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.

നേരത്തെ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ സമര സമിതി അടക്കം രൂപീകരിച്ചിരുന്നു. വലിയ തട്ടിപ്പിന്റെ കഥകളാണ് ഈ നിക്ഷേപകര്‍ക്ക് എല്ലാം പറയാനുള്ളത്. നിക്ഷേപകര്‍ പോലും അറിയാതെ അവരുടെ പേരില്‍ വായ്പകള്‍ അടക്കം മുന്‍ സെക്രട്ടറി എടുത്തിരുന്നതായി സമര സമിതി സെക്രട്ടറി സുനില്‍ വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. വിജിലന്‍സിന് അടക്കം ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിജിലന്‍സിന് പരിമിതികളുണ്ടെന്ന് സുനില്‍ പറയുന്നു.
വിജിലന്‍സ് പരാതികള്‍ എടുക്കണമെങ്കില്‍ സഹകരണ സംഘം കമ്മീഷനെ വെച്ച് ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. തുടര്‍ന്ന് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചോ വിജിലന്‍സോ കേസെടുക്കുകയെന്നും സുനില്‍ പറഞ്ഞു.
അതേസമയം വലിയ തട്ടിപ്പുകള്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് നടന്നുവെന്ന് കണ്ടെത്തുന്നത് നിലവിലെ ഭരണസമിതിയാണെന്ന് സുനില്‍ പറഞ്ഞു. ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് സഹകരണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നു.

കൃത്രിമ രേഖകളുണ്ടാക്കി വായ്പയെടുത്തു നിക്ഷേപങ്ങള്‍ സ്വീകരിച്ചും ബോണ്ടുകളില്‍ നിന്ന് വായ്പയെടുത്തും സൊസൈറ്റിയുടെ വരുമാനം വകമാറ്റിയെല്ലാമായിരുന്നു ഭരണസമിതി അറിയാതെയുള്ള തട്ടിപ്പ്. 13 ഇടപാടുകാരുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി 65 ലക്ഷത്തോളം രൂപ വായ്പയെടുക്കുകയും, അഞ്ച് ഇടപാടുകാരുടെ പേരില്‍ കുറിവിളിച്ചെടുത്ത് പണം വാങ്ങി തിരിച്ചടവ് നടത്താതിരിക്കുകയാണ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബാങ്കിങ് ഇടപാടുകള്‍ക്കൊപ്പം പേപ്പര്‍ബാഗ്, തുണിസഞ്ചി, ചണബാഗ്, ഫയലുകള്‍, എക്‌സ്‌റേ-സ്‌കാനിങ് ഫിലിം കവറുകള്‍ തുടങ്ങിയവയുടെ നിര്‍മാണ് യൂണിറ്റ് കൂടി ഉള്‍പ്പെട്ട സൊസെറ്റിയുടെ ഈയിനത്തിലെ വരുമാനവും വകമാറ്റപ്പെട്ടു. അതേസമയം തട്ടിപ്പ് പുറത്തുവരാന്‍ വൈകിയതിന് കാരണം ഓഡിറ്റര്‍മാരാണെന്ന് നിക്ഷേപകനായ ലത്തീഫ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറയുന്നു.
ഇവര്‍ മുന്‍ സെക്രട്ടറിയുമായി ഒത്തുകളിച്ചുവെന്നും ലത്തീഫ് വെളിപ്പെടുത്തി. തനിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സഹകരണ സംഘത്തില്‍ നിക്ഷേപിച്ച തുകയാണിത്. മറ്റൊരാള്‍ക്ക് വീടിന്റെ പണിക്കായി ഉപയോഗിക്കേണ്ട പണമാണ് നഷ്ടമായത്. ആറ് ലക്ഷത്തോളം വരുമിത്. അത്തരത്തില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടതെന്നും ലത്തീഫ് പറഞ്ഞു.
അതേസമയം നഷ്ടപ്പെട്ട കോടികള്‍ എവിടെപ്പോയെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്. മുന്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവര്‍ പറയുന്നു. ഓഡിറ്റര്‍മാര്‍ കൂടി ഇക്കാര്യത്തില്‍ നടത്തിയ തിരിമറിയാണ് പണം നഷ്ടമാകാന്‍ കാരണമായതെന്നും നിക്ഷേപകര്‍ പറയുന്നു. നിലവില്‍ ബാലുശ്ശേരി പോലീസില്‍ 3 പരാതികളാണ് പണം നഷ്ടമായവര്‍ നല്‍കിയിരിക്കുന്നതെന്ന് സുനില്‍ പറയുന്നു. എന്നാല്‍ മുപ്പതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. ഇവരുടെയെല്ലാം പരാതികള്‍ അന്വേഷിക്കണം. പ്രതിഷേധം തുടരുമെന്നും സുനില്‍ വ്യക്തമാക്കി.












Click it and Unblock the Notifications