കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; നാല് ദിവസമായി പട്ടിണിയിലെന്ന് മറുപടി, ഞെട്ടലോടെ നാട്ടുകാർ
മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശിയായ യുവാവ്. കുറ്റിപ്പുറം ബസ് സ്‌റ്റാന്‍ഡില്‍ ഇന്നലെ വൈകീട്ടോടെയാണ് അതിദാരുണവും അവിശ്വസനീയവുമായ സംഭവം അരങ്ങേറിയത്. നന്നായി വസ്ത്രം ധരിച്ച യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നു. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് സമീപത്തുള്ളവ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് താൻ പൂച്ചയെ തിന്നതെന്നായിരുന്നു യുവാവ് ഇതിന് നൽകിയ മറുപടി.
തുടർന്ന് ആളുകൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇവിടെ എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്‌തത് എന്നതിന്റെ ഞെട്ടലിലാണ് സമീപവാസികളും, കണ്ടുനിന്നവരും.

ബസ് സ്‌റ്റാന്‍ഡിന് സമീപത്തുനിന്ന് ഇയാൾ എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് ഇതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധം വമിച്ചതിനെ തുടർന്നായിരുന്നു ആളുകൾ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇത് കഴിക്കരുതെന്ന് ആളുകൾ പറഞ്ഞെങ്കിലും യുവാവ് തന്റെ പ്രവർത്തി തുടരുകയായിരുന്നു. നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍ പറയുന്നു.
പിന്നീടാണ് പോലീസ് സ്ഥലത്തെത്തിയത്. പഴവും മറ്റ് ഭക്ഷണ സാധനങ്ങളും ഇയാൾക്ക് പോലീസ് വാങ്ങി നൽകുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും എങ്ങോട്ടോ പോയി. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ പലരും കണ്ടിരുന്നു.
യുവാവ് അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിന് എന്തെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങളുണ്ടോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ആശുപത്രിയിൽ വരാൻ കൂട്ടാക്കാതെ യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവിടെ നിന്ന് പോയ ശേഷം യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications