മരം വീണ് ആദിവാസികളുടെ കൂട്ടമരണം, ബന്ധുക്കള്‍ക്ക് നാല് ലക്ഷം വീതം നല്‍കും, മൃതദേഹങ്ങള്‍ കോളനികളിലെത്തിച്ചു സംസ്‌കരിച്ചു
മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂരില്‍ മരം വീണ് മരിച്ച ആദിവാസികളുടെ ബന്ധുക്കള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നാല് ലക്ഷം വീതം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം നല്‍കും. ദുരന്തത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
നിലമ്പൂര്‍ മേഖലയിലെ ആദിവാസികളുടെ കൂട്ടമരണം നാടിന് നൊമ്പരമായി. വ്യാഴാഴ്ച രാത്രി മൂത്തേടം പഞ്ചായത്തിലെ പൂളക്കപ്പാറയില്‍ ഉത്സവ സ്ഥലത്ത് മരം പൊട്ടിവീണ് മൂന്ന് പേരും പോത്തുകല്‍ അപ്പന്‍കാപ്പില്‍ തേന്‍ ശേഖരിക്കുന്നതിനിടയില്‍ ആദിവാസി യുവാവും മരിച്ചതാണ് നാടിന് നൊമ്പരമായത്. കാറ്റിലും മഴയിലും മരം വീണ് മരിച്ച ആദിവാസികളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കോളനികളിലെത്തിച്ചു സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തിയ ജില്ലാ ആശുപത്രിയില്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സന്ദര്‍ശനം നടത്തി.

രാവിലെ ഒമ്പതോടെ പാട്ടക്കരിമ്പ് കോളനിയിലെ ചാത്തിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. തുടര്‍ന്ന് മറ്റു രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടോടെ ആംബുലന്‍സുകളില്‍ കയറ്റി. ഇവരുടെ സംസ്‌കാരമുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും പട്ടികവര്‍ഗ വികസന വകുപ്പാണ് വഹിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരത്തിനു പുറമേ പട്ടികവര്‍ണ്മ വകുപ്പില്‍ നിന്നും നഷ്ടപരിഹാരത്തിനായുള്ള റിപ്പോര്‍ട്ട് പ്രൊജക്ട് ഓഫീസര്‍ സമര്‍പ്പിക്കും. ജനപ്രതിനിധികളായ പി.വി.അബ്ദുള്‍ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, സി.പി.ഐ നേതാവ് പി.പി.സുനീര്‍, ബി.ജെ.പി നേതാവ് കെ.സി.വേലായുധന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ആദിവാസി സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ട തറിഞ്ഞ് ജനപ്രതിനിധികള്‍ അടക്കം വലിയ ജനസമൂഹമാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. നിലമ്പൂര്‍ എം.എല്‍.എ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച്ച രാവിലെയും എത്തി. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നേതൃത്വം നല്‍കി.
രണ്ടു ദിവസങ്ങളിലായി നടക്കാറുള്ള ഉത്സവത്തില്‍ പങ്കുകൊള്ളാന്‍ കോളനികളിലെ ബന്ധുക്കളെത്തിയിരുന്നു. സംഭവ സമയത്ത് കുട്ടികളടക്കം ഒട്ടേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. വന്‍ദുരന്തം ഒഴിവായയത് ആശ്വാസമായി. രാത്രിയായിരുന്നു ഉത്സവം നടക്കാറ്. ഇതിനു മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുന്‌പോഴാണ് മരം പൊട്ടിവീണത്. അതേസമയം ആദിവാസികള്‍ തേനെടുക്കാന്‍ കയറുന്ന വന്‍ മരമാണ് മുറിഞ്ഞുവീണത്. മരത്തിലെ വലിയ ദ്വാരങ്ങളില്‍ മഴവെള്ളമിറങ്ങി ഉള്‍വശം ദ്രവിച്ച നിലയിലായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്. മരത്തില്‍ കയറാനായി ആദിവാസികള്‍ തീര്‍ത്ത ദ്വാരമാണിതെന്നു പോലീസ് പറഞ്ഞു. ഇതിലൂടെയാണ് ഏറെക്കാലമായി മഴവെള്ളം ഒലിച്ചിറങ്ങുന്നത്.












Click it and Unblock the Notifications