ചുംബിച്ചവര്‍ക്ക് തല്ലും ചീത്തപ്പേരും, ചായകുടിച്ചവര്‍ക്ക് അഭിനന്ദനം
പരപ്പനങ്ങാടി: നാടെങ്ങും സദാചാര പൊലീസുകാര്‍ക്കെതിരെ ചുംബിച്ചും ആശ്ലേഷിച്ചും പ്രതിഷേധ സമരം നടക്കുമ്പോള്‍ പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ചായകുടി സമരം ഏറെ വ്യത്യസ്തമായി. രണ്ട് മതത്തില്‍പെട്ട സ്ത്രീയും പുരുഷനും ഒരുമിച്ച് ചായകുടിച്ചതാണ് പരപ്പനങ്ങാടിയില്‍ സദാചാര പൊലീസുകാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ ചായകുടിച്ച് തന്നെ പ്രതിഷേധിയ്ക്കാന്‍ ഡിവൈഎഫ്‌ഐ ആണ് മുന്നിട്ടിറങ്ങിയത്.
ജാതിമത വ്യത്യാസങ്ങളില്ലാതെ ആണ്‍ പെണ്‍വ്യത്യാസങ്ങളില്ലാതെ സൗഹൃദത്തിന്റെ ചായക്കപ്പുകള്‍ പരസ്പരം കൈമാറിയായിരുന്നു പ്രതിഷേധ ചായകുടി. പ്രശസ്ത ചരിത്രകാരന്‍ ഡോ എം ഗംഗാധരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കവിത ചൊല്ലിയും പാട്ടുപാടിയും ചായകുടിച്ചും അവര്‍ പ്രതിഷേധിച്ചപ്പോള്‍ പ്രതിഷേധ സമരങ്ങള്‍ക്ക് തന്നെ ഒരു പുതുമാതൃക സൃഷ്ടിയ്ക്കപ്പെടുകയായിരുന്നു. പരപ്പനങ്ങാടി പയനിംഗല്‍ ജംഗ്ഷനിലായിരുന്നു ആദ്യം പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്ഡിപിഐയുടെ ജില്ലാ ജാഥ കടന്നു പോകുന്നതിനാല്‍ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് കരുതി പൊലീസ് ഇടപെട്ട് വേദി മാറ്റി. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.
സദാചാരവാദികള്‍ക്കെതിരെ നടന്ന മറ്റ് സമരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചായകുടി സമരം സമാധാനപരമായിരുന്നുവെന്നതും ശ്രദ്ധയമായി. ചടങ്ങില്‍ ഡോക്യുമെന്ററി സംവിധായകന്‍ ദീപക് നാരായണന്‍, യുവകവി ശ്രീജിത്ത് അരിയല്ലൂര്‍, അഡ്വ.സുല്‍ഫിക്കര്‍, അഡ്വ. കൃപലാനി, ശോഭാ പ്രഭാകരന്‍, ശിദാസന്‍, മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications