പ്രവാസിയുടെ 50ലക്ഷം തട്ടി: അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കാന്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് മാറ്റി
മലപ്പുറം: മലപ്പുറത്തെ പ്രവാസിയുടെ 50ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ രജിസ്റ്റര്‍ചെയ്ത വഞ്ചനാകുറ്റം സിവില്‍ കേസാക്കി മാറ്റി പോലീസ് അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ പരാതിക്കാരന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
എംഎല്‍എയെ സഹായിക്കാന്‍ പോലീസ് നടത്തുന്ന നീക്കത്തിനെതിരെ പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം ജില്ലാപോലീസ് മേധാവിക്കും പരാതി നല്‍കിയത്. 2017 ഡിസംബര്‍ 21ന് പോലീസ് രജിസ്റ്റര്‍ ചെയ്തകേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോയി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായിചൂണ്ടിക്കാട്ടി പോലീസിനെതിരെ രണ്ടുമാസം മുമ്പ് സലീം ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി നിലനില്‍ക്കുമ്പോഴാണ് വീണ്ടും പോലീസിനെതിരെ പരാതിക്കാരന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

സിവില്‍ കേസാക്കിയെന്ന് ആരോപണം
അന്‍വറിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് വഞ്ചനാക്കുറ്റം സ്ഥാപിക്കുന്നതിനുള്ള തെളിവുകളെല്ലാം ലഭിച്ചിട്ടും സിവില്‍ കേസാക്കിമാറ്റുന്നതെന്നാണ് ആരോപണം. ഇതുസംബന്ധിച്ചു നോട്ടീസ് പരാതിക്കാരനും പോലീസ് കൈമാറി. വഞ്ചനാകേസ് സീവില്‍കേസാക്കി മാറ്റിയ പോലീസിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് സലീം പരാതിയുമായി രംഗത്ത് വന്നത്.

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം
കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം അനുഭാവിയായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം 2017 ഫെബ്രുവരി 17നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

തെളിവുകളുമായി കോടതിയില്‍
തുടര്‍ന്ന് പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്. കോടതിയെ സമീപിക്കുന്നതിനും ഒരു മാസം മുമ്പ് നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ സലീം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

ആദ്യം ചുമത്തിയത് വഞ്ചനാക്കുറ്റം
ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയതതെന്നാണ് പരാതി. 2011 ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി. 30 ലക്ഷം പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്. 2012 ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്‍കി. ഇതുസംബന്ധിച്ച ബാങ്കിടപാടിന്റെ രേഖകള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.

ആരും അറിയില്ലെന്ന്
പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി അനുഭാവിയായ സലീം കാത്തിരുന്നെങ്കിലും ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിച്ചില്ല. ഇതോടെ പാര്‍ട്ടിക്കും പോലീസിനു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘത്തോടൊപ്പം സലീമും മംഗലാപുരം ബല്‍ത്തങ്ങാടിയില്‍പ്പോയപ്പോള്‍ കെ.ഇ സേ്റ്റാണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അന്‍വര്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇവിടെ ക്രഷര്‍ ഉള്‍പ്പെടുന്ന അഞ്ചുകോടി വിലവരുന്ന 26 ക്കര്‍ തന്റെ സ്വന്തമാണെന്നാണ് പി.വി അന്‍വര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ രേഖകള്‍ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ.

പ്രവാസിയില്‍ നിന്ന് പണം തട്ടി!
അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്. തെളിവുകളെല്ലാം ലഭിച്ചിട്ടും അന്‍വറിനെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയായിരുന്നു മഞ്ചേരി പോലീസ്. കേസിലെ പ്രതിയായ അന്‍വറിന്റെ മൊഴിരേഖപ്പെടുത്തിയാണിപ്പോള്‍ കേസ് സിവിലാക്കിമനാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസിനെതിരെ നേരത്തെ സലീം നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍നപടിക്കായി കേസ് ഇന്നലെയായിരുന്നു ഹൈക്കോടതി പരിഗണിച്ചിരുന്നതെങ്കിലും കേസ് വീണ്ടും 13ലേക്ക് മാറ്റി. പോലീസിനെതിരെ സലീം കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് അയച്ച പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയതായും അറിയിപ്പ് ലഭിച്ചു.












Click it and Unblock the Notifications