വിമാനമിറങ്ങിയ ദിവേഷ് മനസ്സുനിറയെ നന്ദിയും സ്നേഹവുമായി ആദ്യമെത്തിയത് പാണക്കാട്..; സന്തോഷക്കാഴ്ച
മലപ്പുറം: വാഹനാപകട കേസിൽ ഖത്തർ ജയിലിലായിരുന്ന നിലമ്പൂർ സ്വദേശി ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചെത്തി. മുള്ള്യാകുർശി സ്വദേശിയായ ദിവേഷ് ലാൽ ആണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എയർപോർട്ടിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ദിവേഷ് പോയത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനായിരുന്നു. തങ്ങൾ ഇടപെട്ടതിനെ തുടർന്നാണ് ദിവേഷ് ജയിൽ മോചിതനായത്.
നിർത്തിയിട്ടിരുന്ന വാഹനം അബദ്ധത്തിൽ പിന്നോട്ട് നീങ്ങുകയും ഈജിപ്ത് സ്വദേശി മരിക്കുകയും ചെയ്ത സംഭവത്തിലാണ് ദിവേഷ് ലാൽ എന്ന 32 കാരൻ ഖത്തറിൽ ജയിലിൽ ആയത്. 46 ലക്ഷം രൂപയാണ് ഖത്തർ സർക്കാർ ദിയാ ധനമായി നിശ്ചയിച്ചത്. ഈ തുക സ്വരൂപിച്ചത് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു.

ദിവേഷിനെ ചേർത്തുപിടക്കണമെന്ന അഭ്യർത്ഥന കേരളം ഏറ്റെടുത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ മോചനം എന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. ഒരു വ്യക്തി താല്പര്യവും ഇല്ലാതെയാണ് എല്ലാവരും ഇതിൽ പങ്കുചേർന്നതെന്നും മനുഷ്യർ ഇപ്പോഴും ഈ ലോകത്ത് ഉണ്ട് എന്നതിന്റെ തെളിവാണ് പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്ന കൂട്ടായ്മകളെന്നും തങ്ങൾ പറഞ്ഞു.
സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മോചനത്തിനായി ഇടപെട്ട എല്ലാവരോടും നന്ദിയുണ്ടെന്ന് ദിവേഷ് ലാൽ പറഞ്ഞു. ഇങ്ങനെയൊരു മോചനം ഒരിക്കലും വിചാരിക്കാത്തതാണെന്നും എല്ലാവരോടും പറഞ്ഞാൽ തീരാത്ത കടപ്പാട് ഉണ്ടെന്നും ദിവേഷ് പറഞ്ഞു.












Click it and Unblock the Notifications