പൊന്നാനിയില്‍ കടലാക്രമണം; തകര്‍ന്നത് നിരവധി വീടുകള്‍, പ്രത്യേക പാക്കേജ് വേണമെന്ന് എംപി
പൊന്നാനി: കടല്‍ ക്ഷോഭങ്ങളില്‍ ദുരിതത്തിലായ തീരദേശ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കടല്‍ ക്ഷോഭം രൂക്ഷമായ പൊന്നാനിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് റവന്യു, ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
പൊന്നാനി താലൂക്കിലെ പാലപ്പെട്ടി മുതല്‍ പൊന്നാനി വരെയുള്ള തീര പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. ഇരുപത്തിഎട്ടോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏഴോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളകെട്ടും രൂക്ഷമാണ്, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കിന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞയി, അലിയാര്‍ പള്ളി, മൈലാഞ്ചിക്കാട്, അബു ഹുറൈറ പള്ളി പരിസരം, ഹിളര്‍ പള്ളി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ നഗര്‍ തുടങ്ങിയ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. ജില്ലയില്‍ പാലപ്പെട്ടി മുതല്‍ പരപ്പനങ്ങാടി വരെയുള്ള തീര മേഖലകള്‍ എല്ലാം തന്നെ കടലാക്രമണ ഭീഷണിയിലാണ്. കടലക്രമണങ്ങളെ നേരിടുന്നതിന് സ്ഥിരം സംവിധാനം എന്ന നിലക്ക് കടല്‍ ഭിത്തി നിര്‍മാണം എന്നത് ഇപ്പോഴും പാതി വഴിയിലാണ്. കടലാക്രമണം രൂക്ഷമാകുന്ന സമയങ്ങളില്‍ ദുരന്ത നിവാരണ വകുപ്പില്‍ നിന്നും ലഭിക്കുന്ന തുക നാമമാത്രമാണ്.
കടല്‍ ഭിത്തി നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളില്‍ പലതിനും അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യം പല തവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിരുന്നു. പാര്‍ലമെന്റിലും ഉന്നയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് ഇത്തരം പദ്ധതികള്‍ക്ക് നേരിട്ട് ഫണ്ട് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും കടല്‍ഭിത്തി നിര്‍മാണവും അതിന്റെ നിര്‍വഹണവും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ് വരുന്നെതെന്നുമുള്ള മറുപടിയാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ചതെന്നും എം പി പറഞ്ഞു.












Click it and Unblock the Notifications