• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് രോഗം ബാധിച്ച 4 പേരുടെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ; ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

  • By Desk

മലപ്പുറം: ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരന്‍, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍, കോയമ്പത്തൂരില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി 33 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. സര്‍ക്കാര്‍ അനുമതിയോടെ നാട്ടില്‍ തിരിച്ചെത്തിയ ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

മുംബൈയിലെ ജ്വല്ലറിയില്‍ ജീവനക്കാരനാണ് വൈറസ് ബാധയുള്ള വഴിക്കടവ് മടപ്പൊയ്ക സ്വദേശി. മുംബൈ കൊളാബയിലെ താമസ സ്ഥലത്ത് നിന്ന് മെയ് 11 ന് രാത്രി 10 മണിയ്ക്ക് മറ്റ് 23 പേര്‍ക്കൊപ്പം സ്വകാര്യ ബസില്‍ യാത്ര തിരിച്ച് മെയ് 13 ന് രാവിലെ എട്ട് മണിയ്ക്ക് കോഴിക്കോടെത്തി. അവിടെ നിന്ന് പിതാവിനും സഹോദരനുമൊപ്പം സ്വകാര്യ കാറില്‍ വഴിക്കടവ് മണിമൂളിയിലെ കോവിഡ് കെയര്‍ സെന്ററിലെത്തി ഉച്ചയ്ക്ക് 12 മുതല്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. തലവേദനയും ശരീര വേദനയും അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് മെയ് 14 ന് വൈകുന്നേരം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.

മുബൈ സിറ്റിയില്‍ ഇളനീര്‍ കച്ചവടക്കാരനാണ് വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍. മുംബൈയിലെ മദ്രാസ്വാടി ചേരിയിലെ ലോട്ടസില്‍ ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 12 ന് വൈകുന്നേരം ആറ് മണിയ്ക്ക് രണ്ട് ബസുകളില്‍ 46 പേര്‍ക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. മെയ് 13 ന് രാത്രി എട്ട് മണിയ്ക്ക് കാസര്‍ക്കോട് തലപ്പാടിയിലെത്തി പരിശോധനകള്‍ക്ക് ശേഷം മെയ് 14 ന് രാവിലെ എട്ട് മണിയ്ക്ക് എടയൂരിലെത്തി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിച്ചു. പ്രകടമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് അന്നു തന്നെ രാവിലെ ഒമ്പത് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശി 33 കാരന്‍ കോയമ്പത്തൂര്‍ ഉക്കടത്ത് ബേക്കറിയിലെ ജോലിക്കാരനാണ്. മെയ് ആറിന് മറ്റൊരു തിരൂര്‍ സ്വദേശിക്കൊപ്പം രാവിലെ 6.15 ന് ബൈക്കില്‍ നാട്ടിലേയ്ക്ക് തിരിച്ചു. രാവിലെ 8.15 ന് വാളയാറെത്തി. പരിശോധനകള്‍ക്ക് ശേഷം യാത്ര തുടര്‍ന്ന് കൂടെയുള്ളയാളെ തിരൂര്‍ മൂച്ചിക്കലില്‍ ഇറക്കി ഉച്ചയ്ക്ക് ഒരുമണിയോടെ താനാളൂരിലെ വീട്ടിലെത്തി. ചുമ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മെയ് 14 ന് വൈകുന്നേരം ആറ് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി അടുത്ത സമ്പര്‍ക്കമുണ്ടായ പിതാവ്, മാതാവ്, ഭാര്യ, സഹോദരന്‍, കൂടെ യാത്രചെയ്തെത്തിയ തിരൂര്‍ സ്വദേശി എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

ചെന്നൈ കെ.പി. പാര്‍ക്കില്‍ ബേക്കറി തൊഴിലാളിയാണ് എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്‍. ചെന്നൈ പട്ടാളം മാര്‍ക്കറ്റില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സഹോദരി, ഭര്‍ത്താവ്, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 13 ന് മറ്റ് 10 പേര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ രാത്രി 9.30 ന് നാട്ടിലേക്ക് യാത്ര ആരംഭിച്ചു. മെയ് 14 ന് രാവിലെ 7.30 ന് വാളയാറിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയിക്ക് വളാഞ്ചേരിയിലെത്തി. രോഗലക്ഷണങ്ങളുണ്ടെന്ന് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് വളാഞ്ചേരിയിലെത്തിച്ച 108 ആംബുലന്‍സില്‍ വൈകുന്നേരം നാല് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി. 21 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Malappuram

English summary
Four Covid 19 case Confirmed in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X