മലപ്പുറം വെറ്റിലപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം: ഏഴ് മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും
മഞ്ചേരി: അരീക്കോട് വെറ്റിലപ്പാറ ഓടക്കയം നെല്ലിയായി കോളനിയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിക്കുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ട ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. നെല്ലിയായി ആദിവാസി കോളനിയിലെ കടിഞ്ഞി മകന്‍ ഉണ്ണികൃഷ്ണന്‍ (27), ഭാര്യ അമ്പിളി എന്ന ചിഞ്ചു (19), മാതാവ് ചിരുത (75), ചിഞ്ചുവിന്റെ സഹോദരി ഷിബില (12), സുന്ദരന്‍ (48), ഭാര്യ സരോജിനി (45), ചേന്നന്റെ ഭാര്യ മാത (60) എന്നിവരാണ് മരിച്ചത്. ഇവരില്‍ സുന്ദരന്‍, സരോജിനി, ഉണ്ണികൃഷ്ണന്‍, അമ്പിളി എന്നിവരുടെ മൃതദേഹം ഇന്നലെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇവ മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ ഫ്രീസറിലാണ് സൂക്ഷിച്ചിട്ടുള്ളത്. മറ്റു മൃതദേഹങ്ങള്‍ ഇന്ന് രാവിലെ എട്ടു മണിക്ക് പോസ്റ്റുമോര്‍ട്ടം ചെയ്തു.
മരണപ്പെട്ട ഷിബില കിഴക്കെചാത്തല്ലൂര്‍ ചോലാറ കോളനിയിലെ ചെറിയ മാരന്റെ മകളും ഓടക്കയം ട്രൈബല്‍ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. മൃതദേഹങ്ങള്‍ മഞ്ചേരി എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, അഡീഷണല്‍ എസ് ഐ ഷാജിമോന്‍, ഗ്രേഡ് എസ് ഐമാരായ സുരേഷ്, മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, എ എസ് ഐ അമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മാതയുടെ ഭര്‍ത്താവ് ചേന്നന്‍, സഹോദരി സുമതി എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓടക്കയം മലയോര പ്രദേശങ്ങളില്‍ 24 ഇടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ മരിച്ചവരില്‍ പലരും ബുധനാഴ്ച വരെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മഴ ശമിച്ചുവെന്ന ധാരണയിലാണ് ഇവര്‍ തിരികെ വീടുകളിലെത്തിയത്. ശക്തമായ ഉരുള്‍പൊട്ടലില്‍ കോളനിയിലെ വീടുകള്‍ പലതും നിശ്ശേഷം ഒലിച്ചു പോയി. നിലവില്‍ ചതുപ്പു നിലം മാത്രമാണ് അവശേഷിക്കുന്നത്. കോളനിയില്‍ പൊതുശ്മശാനമില്ലാത്തതിനാല്‍ ഇവരുടെ വീടുകള്‍ക്ക് സമീപമാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുക. എന്നാല്‍ പ്രദേശം ചതുപ്പു നിലമായി മാറിയത് മൃതദേഹ സംസ്‌കരണത്തിന് തടസ്സമാകുന്നു.
ഉരുള്‍പൊട്ടല്‍ നടന്ന കോളനിയിലെക്ക് ജെ സി ബിയോ മറ്റോ എത്തിക്കാനാകാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. കോളനിയിലെ ബാബുരാജ്, വാസുദേവന്‍, സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൈകൊണ്ട് മണ്ണു മാന്തിയാണ് ചെളിയില്‍ പുതഞ്ഞ ഏഴ് മൃതദേഹങ്ങളും പുറത്തെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്തലി, വാര്‍ഡ്‌മെമ്പര്‍ സുനിത, ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ പി സുരേഷ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം മുകുന്ദന്‍, പൊലീസ്-ഫയര്‍ഫോഴ്‌സ്-റവന്യൂ അധികൃര്‍-നാട്ടുകാര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു വന്ന മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരം ജനനിബിഡമായിരുന്നു. എം എല്‍ എമാരായ എം ഉമ്മര്‍, പി കെ ബഷീര്‍, പി ഉബൈദുള്ള, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, പ്രതിപക്ഷ നേതാവ് കെ ഫിറോസ് ബാബു, കെ പി സി സി അംഗം പറമ്പന്‍ റഷീദ്, സി പി എം നേതാവ് എം നിസാറലി എന്ന കുട്ട്യാന്‍, എസ് ടി യു സംസ്ഥാന നേതാക്കളായ എം റഹ്മത്തുള്ള, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, എസ് എം എ ജില്ലാ സെക്രട്ടറി യു ടി എം ഷമീര്‍, കൗണ്‍സിലര്‍മാരായ അജ്മല്‍ സുഹീദ്, ഉണ്ണികൃഷ്ണന്‍, സജിത് കോലോട്ട്, ആക്കല മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം പി എ ഹമീദ് കുരിക്കള്‍ തുടങ്ങി നിരവധി പേര്‍ മോര്‍ച്ചറി പരിസരത്ത് എത്തിയിരുന്നു.