നാഗര്‍കോവിലിലെ മലയാളി ബാങ്ക് മാനേജരുടെ തൂങ്ങിമരണം: മരണത്തില്‍ ദൂരുഹതയെന്ന് മാതാപിതാക്കള്‍
മലപ്പുറം: നാഗര്‍കോവിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ
ബാങ്ക് മാനേജറുടെ മരണത്തില്‍ ദൂരുഹതയെന്ന് മാതാപിതാക്കള്‍. അരിയല്ലൂര്‍ സ്വദേശിയായിരുന്ന കീക്കിത്തറ രാമചന്ദ്രന്റെയും ആശാറാണിയുടെയും മകനായ അച്ചു ആര്‍.ചന്ദ്രന്‍ നാഗര്‍കോവിലില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തുവന്നത്.
രാമചന്ദ്രനും കുടുംബവും വര്‍ഷങ്ങളായി തിരുവനന്തപുരം വെള്ളയമ്പലത്താണ് താമസം. രാമചന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി അടുത്തിടെയാണ് റിട്ടയര്‍ചെയ്തത്. ഇതിനു ശേഷവും തിരുവനന്തപുരത്ത് താമസം തുടര്‍ന്നു. രണ്ടാമത്തെ മകനായ അച്ചു ആര്‍.ചന്ദ്രന്‍ ഒരു വര്‍ഷമായി നാഗര്‍കോവില്‍ പാര്‍വ്വതീപുരം എസ്.ബി.ഐയില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. താമസം ഒരു കിലോമീറ്റര്‍ ദൂരെയുള്ള ഫ്‌ളാറ്റില്‍ തനിച്ചാണ്. ആഴ്ചയില്‍ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വീട്ടില്‍ എത്താറുണ്ട്.

വിവാഹാലോചനകള്‍ നടന്നുവരവെയാണ് കഴിഞ്ഞ ജൂലായ് ഏഴിന് വള്ളിക്കുന്നിലുള്ള തറവാട്ടു വീട്ടില്‍ അച്ഛനും അമ്മയും രണ്ടു മക്കളും ജ്യേഷ്ഠന്റെ പെണ്ണുകാണല്‍ ചടങ്ങിന് വന്നിരുന്നു. 13 ന് ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതിന് വീണ്ടും വരാമെന്ന് അച്ഛനോട് പറഞ്ഞാണ് പോയതെന്നും ബന്ധുക്കള്‍ മാതാപിതാക്കള്‍ പറഞ്ഞു. സ്‌നേഹിതനുമൊത്ത് ശനിയാഴ്ച സിനിമയ്ക്കു പോകാമെന്നു പറഞ്ഞതായും പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തലേദിവസം ആരോടോ ഫോണില്‍ സംസാരിച്ച ശേഷം അച്ചു അസ്വസ്ഥനായിരുന്നുവെന്നും നേരെ വീട്ടിലേക്ക് പോയെന്നും സുഹൃത്ത് പറഞ്ഞ് രക്ഷിതാക്കള്‍ അറിഞ്ഞു. മകന്‍ മരിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് അച്ഛനും അമ്മയും സഹോദരനും പറയുന്നത്. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലെ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തെളിവുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വള്ളിക്കുന്നിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സംഭവത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.












Click it and Unblock the Notifications