അറവു മാലിന്യങ്ങള്‍ തള്ളുന്നത് പതിവ് സംഭവം: മഞ്ചേരിയിലെ കിണറുകള്‍ മലിനമായി, ജനകീയ സമിതി റോഡ് ഉപരോധം!
മലപ്പുറം: ജനവാസ കേന്ദ്രങ്ങളില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. മഞ്ചേരി കെ.സെയ്താലിക്കുട്ടി റോഡില്‍ തുടര്‍ച്ചയായി അറവു മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി റോഡ് ഉപരോധിച്ചു.
മഞ്ചേരി കെ സെയ്താലിക്കുട്ടി ബൈപ്പാസില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനജീവിതം തീര്‍ത്തും ദുഷ്‌ക്കരമാക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ റോഡരികില്‍ മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി ബൈപ്പാസ് റോഡ് ഉപരോധിച്ചു. മാലിന്യം തള്ളല്‍ തടയാന്‍ ശാശ്വത നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. പാതയില്‍ വാഹനഗതാഗതം പ്രതിഷേധക്കാര്‍ പൂര്‍ണമായും തടഞ്ഞു. അറവു മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി തുടര്‍ച്ചയായി നിക്ഷേപിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ മേഖലയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. പോലിസ് പരിശോധനയും കാര്യക്ഷമമല്ല. ഇതിനെതിരെയായിരുന്നു ഉപരോധ സമരം.

പോലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ചെയ്യുകയും ചെയ്തതോടെയാണ് സമരം നാട്ടുകാര്‍ അവസാനിപ്പിച്ചത്. രാത്രിയുടെ മറവിലാണ് വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ജനവാസ മേഖലകളില്‍ തള്ളുന്നത്. ദുര്‍ഗന്ധവും മലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം പരന്നൊഴുകുന്നതും യാത്രക്കാരേയും തദ്ദേശീയരേയും ഒരുപോലെ വലക്കുന്നു. ലോഡുകണക്കിനു മാലിന്യങ്ങളാണ് വാഹനത്തില്‍ കൊണ്ടുവന്നു തള്ളിയത്. ഉയര്‍ന്ന ഭാഗത്ത് തളളിയ മാലിന്യങ്ങള്‍ പരന്നൊഴുകി കിണറുകള്‍ മലിനപ്പെടുന്നത് രോഗവ്യാപനത്തിനും സാധ്യത വര്‍ധിപ്പിക്കുകയാണ്.












Click it and Unblock the Notifications