മലപ്പുറത്ത് നടുറോഡില്‍ സഹോദരിമാര്‍ക്ക് മര്‍ദ്ദനം; 5 തവണ മുഖത്തടിച്ചു, കാരണം ഇതാണ്
മലപ്പുറം: യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള പാണമ്പ്രയില്‍ വച്ച് കാറിലെത്തിയ യുവാവ് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിരമാരെ മര്‍ദ്ദിച്ചു. കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു സഹോദരിമാര്‍. കാര്‍ ഇടതുവശത്തുകൂടെ തെറ്റായി ഓവര്‍ടേക് ചെയ്തതിനെതിരെ പ്രതികരിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. സഹോദരിമാരുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. എന്നാല്‍ തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകനാണ് പ്രതി എന്നതിനാല്‍ പോലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയില്ലെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 16നുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

സ്‌കൂട്ടറില്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലെ വീട്ടിലേക്ക് വരികയായിരുന്നു എംപി മന്‍സിലില്‍ അസ്‌നയും ഹംനയും. യൂണിവേഴ്‌സിറ്റി കഴിഞ്ഞ് കോഹിനൂര്‍ എത്തിയപ്പോഴാണ് കാര്‍ അമിത വേഗതയില്‍ ഇടതുഭാഗത്തുകൂടെ കയറിയത്. ഇതിനെതിരെ പ്രതികരിച്ച യുവതികള്‍ ഹോണടിച്ച് മുന്നോട്ട് പോയി. എന്നാല്‍ പാണമ്പ്ര ഇറക്കത്തില്‍ വച്ച് യുവാവ് സ്‌കൂട്ടറിന് കുറുകെ കാര്‍ നിര്‍ത്തി. സ്‌കൂട്ടര്‍ ബ്രേക്കിട്ടതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായതെന്ന് യുവതികള്‍ പറയുന്നു. കാറില്‍ നിന്ന് ഇറങ്ങിവന്ന യുവാവ് യുവതികളുടെ മുഖത്തടിക്കുകകയായിരുന്നു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാറില്‍ നിന്നിറങ്ങിയ യുവാവ് മറ്റു ചോദ്യങ്ങളൊന്നുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. പോലീസ് നിസാരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് എന്നാണ് ഇവരുടെ ആക്ഷേപം. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു എന്ന് മാത്രമാണ് കേസ് എന്നും യുവതികള്‍ പറയുന്നു. അഞ്ചു തവണയാണ് മുഖത്തടിച്ചത്.
തിരൂരങ്ങാടി ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതികളെ മുഖത്തടിക്കുന്നത് പിന്നാലെ വന്ന വാഹനത്തിലുള്ളവര്‍ ചോദ്യം ചെയ്യുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഈ സമയം പ്രതി അതിവേഗം കാറെടുത്ത് പോകുകയായിരുന്നു. എതിര്‍ വശത്തുകൂടെ വാഹനത്തിലെത്തിയവരാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
അതേസമയം, കേസെടുക്കുന്നത് പോലീസ് അമാന്തം കാണിച്ചുവെന്നാണ് ആക്ഷേപം. വളരെ വൈകിയാണ് കേസെടുത്തതത്രെ. കാറിന്റെ ഫോട്ടോ യുവതികള്‍ പോലീസിന് കൈമാറിയിരുന്നു. വധശ്രമത്തിന് കൂടെ കേസെടുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications