പോലീസ് ക്യാമ്പിലെ പീഡനം; കാണാതായ പൊലീസുകാരനെ കണ്ടെത്തി; ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ
മലപ്പുറം: പോലീസ് ക്യാമ്പിൽ നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശി ആയ മുബഷിറിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ എ എസ് പി ബറ്റാലിയൻ അംഗമാണ് മുബഷിർ.
കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇദ്ദേഹത്തെ കാണാതായത്. സംഭവം നടന്നതിന് പിന്നാലെ ഇദ്ദേഹം വയനാട്ടിൽ എത്തിയിരുന്നു എന്നാണ് മൊഴി ലഭിച്ചിരുന്നത്. നിലവിൽ പൊലീസുകാരനെ അരീക്കോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

അതേസമയം, മുബഷിറിനെ കാണാതായതിന് പിന്നാലെ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന ലഭിച്ചിരുന്നു എന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. പൊലീസുകാരനെ കാണാതായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ പരാതിയും ആയി രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനെ മാനസികമായി ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നാണ് ഭാര്യ ഷാഹിന തന്റെ പരാതിയിൽ പറഞ്ഞത്. ഇത് സംബന്ധിച്ച് വടകര റൂറൽ എസ് പി ക്ക് ഷാഹിന പരാതി നൽകുകയായിരുന്നു.
വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ വലിയ മാനസിക പീഢനങ്ങൾ സംബന്ധിച്ച് ഭാര്യയായ തന്നോട് പൊലീസുകാരൻ സംസാരിച്ചു എന്നും ഷാഹിന പറഞ്ഞിരുന്നു. അതേ സമയം, കഴിഞ്ഞ 4 അര വർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥൻ ആണ് മുബഷിർ. പൊലീസ് ക്യാമ്പിലെ മേൽ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാൻ സാധിക്കുന്നില്ല എന്ന് വ്യക്തമാക്കിയായിരുന്നു മുബഷിർ പൊലീസ് ക്യാമ്പിൽ നിന്നും രക്ഷപ്പെട്ടത്.
പൊലീസ് ക്യാമ്പിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ഒരു കത്ത് പുറത്ത് വന്നിരുന്നു. മുബഷിറിന്റെ ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. പൊലീസ് ക്യാമ്പിലെ മാനസിക സമ്മർദം, ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രതികാര നടപടികൾ എന്നിവയെ കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു പുറത്തു വന്ന കത്തിൽ.
ഇതിൽ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പേരും എടുത്ത് പറയുന്നുണ്ട്. ക്യാമ്പിലെ പീഡനങ്ങൾ കാണിച്ച് പല ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. എന്നാൽ മറ്റ് നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിന് പിന്നാലെയും തന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. തനിക്ക് നീതി കിട്ടില്ല എന്ന് ഉറപ്പായതോടെ ജോലി ഉപേക്ഷിച്ച് സ്വയം പോകുന്നു എന്നും അദേഹം കത്തിൽ എഴുതിയിരുന്നു. അതേ സമയം, സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications