മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ കൊടുത്തു; അതേ സംഘം തന്നെ വീട്ടമ്മയെ ആക്രമിച്ചു
മേലാറ്റൂർ: വീട്ടമ്മയെ ക്വട്ടേഷൻ സംഘം ആക്രമിച്ചതായി പരാതി. മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്ക് മുമ്പ് വീട്ടമ്മ ക്വട്ടേഷൻ നൽകിയ അതേ സംഘം തന്നെയാണ് ആക്രമിച്ചത് എന്നാണ് പരാതിയിൽ. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
മുള്ള്യാകുർശ്ശി തച്ചാംകുന്നേൽ നഫീസയ്ക്ക് നേരെയാണ് മൂന്നംഗം സംഘം ആക്രമണം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹൂസൈൻ ( 39 ), പന്തലം ചേരി നാസർ ( 32), മുള്ള്യാകുർശ്ശി കീഴു വീട്ടിൽ മെഹബൂബ് ( 58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഓഫീസർ കെ ആർ രഞ്ജിത്തും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തെ വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഈ സംഘം ഇവരുടെ മകന്റെ ബൈക്ക് കത്തിച്ചിരുന്നു. ഈ കേസിൽ ഈ സംഘം പിടിയിലായിരുന്നു. റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ജ്യാമത്തിൽ ഇറങ്ങിയത്. മകനുമായുള്ള പ്രശ്നത്തെ തുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് നഫീസ ക്വട്ടേഷൻ നൽകിയത്.
പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുകയുമായി ബന്ധപ്പെട്ട് വീട്ടമ്മയും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. വഴക്കിന് പിന്നാലെയാണ് വെള്ളിയാഴ്ച സംഘം മാരകായുധങ്ങളുമായി മുള്ള്യാകുർശ്ശിയിലുള്ള വീട്ടിലെത്തി നഫീസയെ ആക്രമിച്ചത്. ഇവരുടെ വീട് അടിച്ച് പൊളിക്കുകയും ചെയ്തു.












Click it and Unblock the Notifications