ലോട്ടറി അടിക്കാത്ത വിഷമത്തിൽ വരുമ്പോൾ പണം കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തിയേൽപ്പിച്ച് അതിഥിതൊഴിലാളി
കരുവാരകുണ്ട്: എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് അതിഥിത്തൊഴിലാളി ചന്ദ്രമോഹൻ ലോട്ടറി എടുക്കുന്നത്. അങ്ങനെ താൻ എടുത്ത ലോട്ടറി ഫലം നോക്കാൻ ലോട്ടറിക്കടയിൽ പോയതായിരുന്നു ഇദ്ദേഹം. ലോട്ടറി അടിക്കാത്ത നിരാശയിലായിരുന്നു അദ്ദേഹം. നടന്നുവരുന്നതിനിടയിലാണ് അദ്ദേഹം റോഡിൽ പണം കിടക്കുന്നത് കണ്ടത്.
37,400 രൂപ ഇദ്ദേഹത്തിന് വീണുകിട്ടി. എന്നാൽ ആ പണം തനിക്കുള്ളതല്ല, അതിന്റെ യഥാർത്ഥ ഉടമയെ കണ്ടുപിടിച്ച് പണം ഏൽപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നെ ഒന്നു നോക്കിയില്ല ആളെ കണ്ടെത്താൻ അദ്ദേഹം പുറപ്പെട്ടു. അങ്ങനെ പണം തിരികെ ഏൽപ്പിച്ച് മാതൃതയായിരിക്കുകയാണ് ചെമ്പൻകുന്ന് കോളനിയിൽ താമസിക്കുന്ന ചന്ദ്രമോഹൻ.

കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ന് പുന്നക്കാട് പുൽവെട്ട റോഡിനു സമീപത്തെ ലോട്ടറിക്കടയ്ക്ക് അടുത്തുവച്ചാണ് ചന്ദ്രമോഹന് പണം വീണുകിട്ടിയത്. നോമ്പുതുറ സമയം ആയതിനാൽ റോഡിൽ ആളുകൾ ഇല്ലായിരുന്നു. പണം എന്തുചെയ്യണമെന്നറിയാതെ ചന്ദ്രമോഹൻ ആദ്യം തുക എണ്ണിനോക്കി. നേരെ വീട്ടിലെത്തി ഭാര്യ സതിയോട് എന്താണ് സംഭവിച്ചതെന്ന് അറിയിച്ചു. ഉടൻതന്നെ രണ്ടുപേരും കൂടി പണത്തിന്റെ ഉടമയെ കണ്ടെത്താൻ വാർഡ് അംഗം എ.കെ.സക്കീനയുടെ അടുത്തെത്തുകയായിരുന്നു.
സക്കീന സമൂഹമാധ്യമങ്ങൾ വഴി വിവരം നൽകിയാണ് വ്യാപാരിയായ എ.ടി.സലാമിന്റേതാണ് പണമെന്നു കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ ചന്ദ്രമോഹൻ സക്കീനയുടെ സാന്നിധ്യത്തിൽ തുക കൈമാറി. 5 വർഷമായി ചെമ്പൻകുന്ന് കോളനിയിൽ ഭാര്യയും 2 മക്കളുമൊത്ത് വാടകവീട്ടിൽ താമസിക്കുന്ന ചന്ദ്രമോഹൻ തമിഴ്നാട് പന്തല്ലൂർ സ്വദേശിയാണ്. കൂലിപ്പണിയെടുത്താണ് അദ്ദേഹം ജീവിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് ആളുകൾ.
Sleep: ഉറങ്ങാതിരുന്നാൽ എന്തുസംഭവിക്കും.. ഉറക്കം കുറവാണെങ്കിൽ എന്തുചെയ്യണം!












Click it and Unblock the Notifications