വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു: ഇടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: കേരളത്തിലേക്ക് രണ്ടാമതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ വകുപ്പിന്റെ ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. സംസ്ഥാനത്തിന് രണ്ടാമതായി വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുന്നതിനുള്ള നടപടി തുടങ്ങിയത് മുതല്‍ എംപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണെയും നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.
ആദ്യം അനുവദിച്ച വന്ദേ ഭാരതിനും പുതുതായി അനുവദിക്കുന്ന ട്രെയിനിനും തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി റെയില്‍വേ മന്ത്രിയോട് കഴിഞ്ഞ ദിവസവും അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തോളം മലപ്പുറം ജില്ലയിലാണ്. ഈ സാഹചര്യത്തില്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ സാമ്പത്തിക നേട്ടവും ഉറപ്പാണ്.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മ സ്ഥലമായ തിരൂരിലാണ് മലയാളം സര്‍വകലാശാലയുടെ ആസ്ഥാനം. കോട്ടക്കല്‍ ആയുര്‍വേദ ശാല, ആയുര്‍വേദ കോളേജ്, ഹനുമാന്‍ കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തിരൂരിനടുത്താണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.
സാങ്കേതികമായി ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുക എന്നത് ഒരു പ്രയാസമില്ലാത്ത കാര്യമാണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി. എംപി ഇക്കാര്യത്തില്‍ പറയുന്ന വികാരം ഉള്‍ക്കൊള്ളുന്നുവെന്നും അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയ പിന്നാലെയാണ് പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയെ എംപി നന്ദി അറിയിച്ചു.
ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണെങ്കില്‍ പുതിയ വന്ദേഭാരത് ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. ഏഴര മണിക്കൂറിനകം കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തേത് കാസര്‍കോട് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. മോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം 24നാണെങ്കിലും സര്‍വീസ് ആരംഭിക്കുക 26നാകും.
ഉദ്ഘാടന ദിവസം 12 സ്‌റ്റേഷനുകളില്‍ സ്വീകരണം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടിങ്ങളിലാണ് സ്വീകരണം. തിങ്കളാഴ്ച തിരുവനന്തപുരം കാസര്‍കോട് റൂട്ടിലും ചൊവ്വാഴ്ച കാസര്‍കോട് തിരുവനന്തപുരം റൂട്ടിലും വന്ദേഭാരത് സര്‍വീസുണ്ടാകില്ല. അറ്റക്കുറ്റ പണിക്ക് വേണ്ടി നിര്‍ത്തിയിടുന്നതിനാലാണിത്.












Click it and Unblock the Notifications