ശിവാജി പാര്‍ക്കില്‍ ലതയുടെ സ്മാരകം വേണം, ഒന്നിച്ച് ബിജെപിയും കോണ്‍ഗ്രസും, വെട്ടിലായി ശിവസേന
മുംബൈ: മരണശേഷവും വിവാദത്തില്‍ വീണ് ലതാ മങ്കേഷ്‌കര്‍. ലതയുടെ പേരില്‍ സ്മാരകം വേണമെന്ന വാദമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ സ്മാരകം വേണമെന്ത് കുടുംബത്തിന്റെ ആവശ്യമല്ലെന്ന് ലതയുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍ പറയുന്നു. ജനങ്ങളാണ് അത് ശിവാജി പാര്‍ക്കില്‍ സ്മാരകം വേണമെന്ന് പറഞ്ഞത്. ഞങ്ങളാരും അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഹൃദയനാഥ് പറഞ്ഞു. അതേസമയം ശിവസേനയാണ് ഈ വിഷയത്തില്‍ കുരുക്കിലായിരിക്കുന്നത്. രാഷ്ട്രീയ വിവാദത്തിനും സ്മാരക വിഷയം തുടക്കമിട്ടിരിക്കുന്നത്. ദയവ് ചെയ്ത് ലതയുടെ സ്മാരകവുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ലതയുടെ സഹോദരന്‍ പറഞ്ഞു.

ലതയുടെ കുടുംബം ഒരിക്കലും സ്മാരകം വേണമെന്ന് പറഞ്ഞിട്ടില്ല. കാരണം ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെന്നും ഹൃദയനാഥ് മങ്കേഷ്‌കര്‍ പറഞ്ഞു. ശിവസേനയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ രാം കദം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയിരിക്കുകയാണ്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ലതയുടെ സ്മാരകം നിര്‍മിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് ലതയെ അടക്കം ചെയ്തിരിക്കുന്നത്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിരിക്കുന്നു എന്നതാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയാണ് സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണച്ചത്.
ശിവസേന സര്‍ക്കാരിലെ തന്നെ കക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണ ശരിക്കും സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്. ശിവസേനയ്ക്ക് ശിവാജി പാര്‍ക്കുമായി വൈകാരിക ബന്ധം തന്നെയുണ്ട്. 28 ഏക്കറുള്ള പബ്ലിക്ക് പാര്‍ക്കാണിത്. ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെ ഇവിടെ വെച്ചാണ് വാര്‍ഷിക ദസറ റാലി നടത്താറുള്ളത്. മുഖ്യമന്ത്രിയായ ശേഷം ഉദ്ധവ് താക്കറെയും ഇതേ രീതിയാണ് പിന്തുടര്‍ന്ന് പോരുന്നത്. ഈ വിഷയത്തില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. ദാദറിലെ നിവാസികള്‍ ശിവാജി പാര്‍ക്കിലെ കൈയ്യേറ്റം തടയാനായി ദീര്‍ഘകാലം പോരാടിയവരാണ്. വിലകുറഞ്ഞ രാഷ്ട്രീയത്തിനായി ശിവാജി പാര്‍ക്കിനെ ഉപയോഗിക്കരുതെന്നും ദേശ്പാണ്ഡെ പറഞ്ഞു.
അതേസമയം വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ സ്മാരികം ശിവാജി പാര്‍ക്കില്‍ വേണമെന്ന വാദത്തെ തള്ളി. ലതയുടെ അന്തസ്സിന് ചേര്‍ന്ന വിധത്തിലാവണം സ്മാരകം നിര്‍മിക്കേണ്ടത്. നമ്മളെല്ലാം കുട്ടിക്കാലം ശിവാജി പാര്‍ക്കിലാണ് ചെലവിട്ടത്. അത് സംരക്ഷിക്കേണ്ടതുണ്ട്. ഇതിഹാസ ക്രിക്കറ്റര്‍മാരെ സംഭാവന ചെയ്ത പാര്‍ക്കാണതെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു. എന്നാല്‍ ലതയെ ആദരിക്കാന്‍ മറ്റ് മാര്‍ഗങ്ങളാണ് ഉദ്ധവ് സര്‍ക്കാര്‍ നോക്കുന്നത്. മുംബൈയിലെ കാലിനയില്‍ അന്താരാഷ്ട്ര തലത്തിലുള്ള സംഗീത അക്കാദമി നിര്‍മിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടരയേക്കറിലാണ് ഈ അക്കാദമി ഉയരുന്നത്. 1200 കോടി രൂപയാണ് മുടക്കുന്നത്. ലതാ ദീദിക്ക് ഏറ്റവും വലിയ ആദരം സംഗീത അക്കാദമി തന്നെയാണെന്ന് സഹോദരന്‍ പറഞ്ഞു.












Click it and Unblock the Notifications