ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ അറ്റകൈ പ്രയോഗവുമായി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം താഴെയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മാത്രമല്ല പ്രശ്‌നം പരിഹരിക്കാന്‍ ശരത് പവാറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. എന്‍സിപിയുടെ വന്‍ നേതാക്കളെല്ലാം ഉദ്ധവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹ്വാദ് എന്നിവരും പവാറിനൊപ്പം ഉദ്ധവിന്റെ വീട്ടിലെത്തി. മന്ത്രിസഭ മൊത്തത്തില്‍ രാജിവെക്കുമോ എന്നാണ് അറിയാനുള്ള മന്ത്രിസഭയുടെ നിലനില്‍പ്പിനെ സംബന്ധിച്ച് പല തീരുമാനങ്ങളും ഉണ്ടാവും. അതേസമയം വന്‍ പ്ലാനിംഗോടെയാണ് നീങ്ങുന്നത്. എന്‍സിപിയോടുള്ള പ്രശ്‌നങ്ങള്‍ അതേ രീതിയില്‍ തന്നെ പരിഹരിക്കാനാണ് ശ്രമം.

ഉദ്ധവും ശരത് പവാറും ചേര്‍ന്ന് വിമത നീക്കത്തെ തടയാന്‍ പല തലങ്ങളിലുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ രണ്ടുപേരും തയ്യാറാണ്. പവാറാണ് ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന ഫോര്‍മുല തന്നെ നേരത്തെ മുന്നോട്ട് വെച്ചത്. ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ഈ പ്രശ്‌നമെല്ലാം തീരുമെന്ന ഉറപ്പിലാണ് ഉദ്ധവ്. മുഖ്യമന്ത്രി വസതിയായ വര്‍ഷയില്‍ വെച്ചായിരുന്നു ചര്‍ച്ച. ഷിന്‍ഡെയെ കേന്ദ്രീകരിച്ചായിരുന്നു എല്ലാ ചര്‍ച്ചയും. മന്ത്രിസഭാ പുനസംഘടനയും മുന്നിലുണ്ട്. നിര്‍ണായക വകുപ്പുകള്‍ ഷിന്‍ഡെ പക്ഷത്തിന് നല്‍കാനും പവാര്‍ തയ്യാറാണ്. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഇവയാണ് പ്രധാന ഓപ്ഷനായി ഉദ്ധവും പവാറും കാണുന്നത്.

ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകളാണ് നടന്നത്. അതേസമയം എന്‍സിപിയുമായി കടുത്ത എതിര്‍പ്പുകളാണ് ഷിന്‍ഡെയ്ക്കുള്ളത്. തന്റെ തീരുമാനം മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലേത് ഒരിക്കലും യോജിക്കാത്തൊരു സഖ്യമാണ്. സ്വാഭാവികമായി വന്ന സഖ്യമല്ല ഇത്. അതില്‍ നിന്ന് പുറത്തുകടന്നാല്‍ മാത്രമേ പാര്‍ട്ടിയുടെ നിലനില്‍പ്പുണ്ടാവൂ എന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി നേതാവ് റാവുസാഹേബ് പാട്ടീല്‍ ദാന്‍വെ പറഞ്ഞു. ശിവസേന എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ദാന്‍വെ പറഞ്ഞു.

അതേസമയം എന്‍സിപി വളരെ സൂക്ഷിച്ചാണ് മുഖ്യമന്ത്രി സ്ഥാനം ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഓഫര്‍ ചെയ്യുന്നത്. ഇതുപോലൊരു പ്രശ്‌നം എന്‍സിപിയുടെ തലയ്ക്ക് മുകളിലുമുണ്ട്. നേരത്തെ പവാറിന്റെ മിടുക്കായിരുന്നു പാര്‍ട്ടിയെ പിളര്‍പ്പില്‍ നിന്ന് രക്ഷിച്ചത്. അജിത് പവാറിന് മുഖ്യമന്ത്രി പദത്തില്‍ വലിയ മോഹമുണ്ട്. എന്നാല്‍ അത് തല്‍ക്കാലം കിട്ടാന്‍ സാധ്യത കുറവാണ്. ഈ വിമത നീക്കം അത്തരമൊരു ശ്രമത്തിന് അജിത് പവാറിനെ സഹായിക്കുമോ എന്ന ഭയവും ശരത് പവാറിനുണ്ട്. എന്തായാലും അദ്ദേഹം ഷിന്‍ഡെയെ വിളിക്കുമെന്നാണ് സൂചന. മറ്റ് എംഎല്‍എമാരെയും കണ്ട് ഇതുവരെ കാണാത്ത ഓഫറുകളാണ് നല്‍കാന്‍ പോകുന്നതെന്നാണ് സൂചന.

വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ചയ്ക്ക് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സമയം തേടിയിട്ടുണ്ട്. ഗുവാഹത്തിയിലെ ഹോട്ടലില്‍ നിന്നുള്ള ഷിന്‍ഡെയുടെയും വിമത എംഎല്‍എമാരുടെയും ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അവസരം കിട്ടുകയാണെങ്കില്‍ സഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഉദ്ധവാണ് എന്റെ മുഖ്യമന്ത്രി. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. സാഹചര്യം വന്നാല്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവത്ത് വ്യക്തമാക്കി.

34 മുതല്‍ 40 എംഎല്‍എമാര്‍ വരെ ഷിന്‍ഡെയുടെ കൂടെയുണ്ട്. താന്‍ മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാനും റെഡിയാണ്. അതിന് ആദ്യം എംഎല്‍എമാര്‍ എന്റെ മുന്നിലെത്തി നിങ്ങള്‍ മാറണമെന്ന് പറയണം. അല്ലാതെ ട്വിറ്ററിലിരുന്ന് എന്നെ ട്രോളുകയല്ല വേണ്ടത്. ധൈര്യത്തോടെ കാര്യങ്ങള്‍ പറയണമെന്നും ഉദ്ധവ് പറഞ്ഞു. ആദിത്യ താക്കറെയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതും സഞ്ജയ് റാവത്ത് ശിവസേനയിലെ അവസാന വാക്കായതും ഷിന്‍ഡെയെ ചൊടിപ്പിച്ചിരുന്നു. തന്റെ വകുപ്പുകളില്‍ പ്രാധാന്യം കിട്ടാത്തതും ഉദ്ധവ് അവഗണിച്ചതും, കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും എംഎല്‍എമാര്‍ തന്നെ പരിഹസിച്ചതുമെല്ലാം ഏക്‌നാഥ് ഷിന്‍ഡെയെ രോഷാകുലനാക്കിയിട്ടുണ്ട്.












Click it and Unblock the Notifications