അക്രമത്തിന് പ്രേരിപ്പിക്കുന്നു; ബിജെപി നേതാവിനെതിരെ ഉര്‍ഫി ജാവേദിന്റെ പരാതി
മുംബൈ: വസ്ത്രധാരണത്തിന്റെ പേരില്‍ ബിജെപി നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിയുമായി ഉര്‍ഫി ജാവേദ്. ബിജെപി ചിത്ര വാഗ് ഉര്‍ഫിയുടെ വസ്ത്രധാരണ മാന്യതയ്ക്ക് നിരക്കാത്തതും,സംസ്‌കാര വിരുദ്ധമാണെന്നും, അവരെ അതില്‍ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഉര്‍ഫി പരാതി നല്‍കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്ര വനിതാ കമ്മീഷനെയാണ് അവര്‍ സമീപിച്ചത്. ചിത്ര വാഗ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ഉര്‍ഫി ആരോപിക്കുന്നു. ചിത്രയുടെ പരാമര്‍ശങ്ങള്‍ നേരത്തെ വലിയ വിവാദമായിരുന്നു.

ബിജെപി കേന്ദ്രങ്ങളൊന്നും ചിത്ര വാഗിന്റെ പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇവര്‍ വനിതാ കമ്മീഷനെ അടക്കം സമീപിച്ചത് കടന്നുപോയെന്നാണ് നേതാക്കള്‍ രഹസ്യമായി പ്രതികരിച്ചിരുന്നത്. ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസും ഉര്‍ഫിയുടെ വസ്ത്രധാരണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് പറയുകയും ചെയ്തു.
ഇതോടെ വിഷയത്തില്‍ ചിത്ര വാഗ് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ കടുത്ത നിലപാട് തന്നെയാണ് ഉര്‍ഫി ജാവേദ് സ്വീകരിച്ചിരിക്കുന്നത്. പൊതുമധ്യത്തില്‍ ചിത്ര പറഞ്ഞ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്ന് ഉര്‍ഫി പറയുന്നു. നേരത്തെ ചിത്ര വാഗ് നടിക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
മഹാരാഷ്ട്ര മഹിളാ മോര്‍ച്ച അധ്യക്ഷയാണ് ചിത്ര. ഉര്‍ഫിയുടെ വസ്ത്രധാരണ അശ്ലീലം നിറഞ്ഞതാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ അക്രമത്തിന് പ്രോത്സാഹനമേകുന്നതാണ് ചിത്രയുടെ പരാമര്‍ശങ്ങളെന്ന് മഹാരാഷ്ട്ര വനിത കമ്മീഷനില്‍ ഉര്‍ഫി നല്‍കിയ പരാതിയില്‍ പറയുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രൂപാലി ചക്കാന്‍കറിനാണ് പരാതി നല്‍കിയത്. ഉര്‍ഫി നേരിട്ട് കമ്മീഷനിലെത്തുകയായിരുന്നു. നേരത്തെ നടിക്കെതിരായ പരാതി കമ്മീഷന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ചിത്ര വാഗിനെതിരെ നടപടി വേണമെന്ന് ഉര്‍ഫി തന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുതെ വഴി ആവശ്യപ്പെട്ടു. ഉര്‍ഫിയെ ഭീഷണിപ്പെടുത്തിയതിനാണ് പരാതിയെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയിലെ ഒരാള്‍ ഭീഷണി മുഴക്കുകയാണെങ്കില്‍, സര്‍ക്കാര്‍ ആ ഭീഷണിയെ പിന്തുണയ്ക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് ഉര്‍ഫിക്ക് അപകടം വിളിച്ച് വരുത്തും. ചിത്ര വാഗിനെതിരെ മുംബൈ പോലീസിനെയും സമീപിക്കുമെന്നും, കൂടുതല്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തരുതെന്ന് പരാതിയില്‍ നിര്‍ദേശിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നേരത്തെ രൂക്ഷമായി ഈ പരാതിക്കെതിരെ നടി രംഗത്ത് വന്നു. നിങ്ങളുടെ സ്വത്തുക്കള്‍ ആദ്യം വെളിപ്പെടുത്തു. എങ്കില്‍ വിചാരണയില്ലാതെ ഞാന്‍ ജയിലില്‍ പോകാന്‍. നിങ്ങളുടെ പാര്‍ട്ടിയില്‍ പലരും പീഡന ആരോപണം നേരിടുന്നുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്തതായി താന്‍ കേട്ടില്ലെന്നും ചിത്രയ്ക്ക് മറുപടിയായി ഉര്‍ഫി പറഞ്ഞു.












Click it and Unblock the Notifications