വിവാദം കനത്തു; വലിയ വീട് വേണ്ടെന്ന് കെജ്രിവാള്‍
ദില്ലി: പുതുതായി സ്ഥാനമേറ്റ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയെച്ചൊല്ലി വിവാദം തുടരുന്നു. ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്ന് വെച്ച കെജ്രിവാള്‍ അഞ്ച് കിടപ്പുമുറികളടങ്ങിയ ഫഌറ്റിലേക്ക് താമസം മാറുമെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും വിവാദമായതോടെ അദ്ദേഹം ഈ തീരുമാനവും മാറ്റി. കുറച്ചുകൂടി ചെറിയ ഒരു വീട് കണ്ടെത്താനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍.
അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. അഞ്ച് മുറികളുള്ള ഫ്ളാറ്റിലേക്ക് മാറരുതെന്ന് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഫോണില്‍ വിളിച്ചും എസ് എം എസ് അയച്ചും തന്നെ അറിയിച്ചു എന്നും ഈ അഭ്യര്‍ഥന മുഖവിലക്കെടുക്കുന്നു എന്നും കെജ്രിവാള്‍ പറഞ്ഞു. അല്‍പം കൂടിയ ഒരു ചെറിയ വീട് വേണമെന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

അഞ്ച് മുറികളുള്ള ഫ്ളാറ്റിനെ പത്ത് കിടപ്പുമുറികളുള്ള ഇരുനില ഫ്ളാറ്റായി ചിത്രീകരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഒരു നിലയില്‍ കെജ്രിവാളിന് താമസിക്കാനും മറ്റേ നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസ് സെറ്റ് ചെയ്യാനുമായിരുന്നു യഥാര്‍ഥത്തില്‍ തീരുമാനിച്ചിരുന്നത്. ഭഗവാന്‍ ദാസ് റോഡിലാണ് ഓരോ നിലയിലും അഞ്ച് മുറികള്‍ വീതമുള്ള രണ്ട് ഫ്ളാറ്റുകള്‍ അദ്ദേഹത്തിന് അനുവദിച്ചിരുന്നത്.
ഇതില്‍ ഒരു ഫ്ളാറ്റില്‍ കുടുംബവുമൊത്ത് താമസിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റേ മുറി തന്റെ ഓഫീസായി പ്രവര്‍ത്തിക്കും. നേരത്തെ കെജ്രിവാള്‍ നാല് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ബി ജെ പി എം എല്‍ എമാര്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വീട് വിവാദം ഉന്നയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് എതിരാണ് കെജ്രിവാളിന്റെ കൂറ്റന്‍ വസതി എന്ന് ബി ജെ പി കുറ്റപ്പെടുത്തി.












Click it and Unblock the Notifications