ദില്ലി നിയമമന്ത്രിക്കെതിരെ കേസെടുത്തു
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി നിയമ മന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പീഡനത്തിന് ഇരയായ ഡെന്മാര്‍ക്ക് സ്വദേശിനിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ബുധനാഴ്ച നല്‍കിയ പത്രക്കുറിപ്പിലാണ് നിയമമന്ത്രിയുടെ ഓഫീസ് പീഡനത്തിന് ഇരയായ ഡാനിഷ് വനിതയുടെ പേര് പരാമര്‍ശിച്ചത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 228 എ പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പിന്നീട് ഇക്കാര്യത്തില്‍ ക്ഷമാപണവുമായി സോമനാഥ് ഭാരതി രംഗത്തുവന്നിരുന്നു. അബദ്ധം പറ്റിയതാണ് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ദില്ലി പോലീസും ഡെന്മാര്‍ക്ക് കോണ്‍സുലേറ്റും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പീഡനത്തിന് ഇരയായ ഡാനിഷ് വനിത വൈദ്യ പരിശോധനയ്ക്ക് വിധേയയാകാന്‍ തയ്യാറായില്ല എന്നും സോമനാഥ് ഭാരതി കുറ്റപ്പെടുത്തിയിരുന്നു.

2014 ജനുവരി 14 ചൊവ്വാഴ്ചയാണ് 51 കാരിയായ ഡാനിഷ് വനിത ദില്ലിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ഇവരുടെ പണവും സാധനങ്ങളും അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. അതേസമയം ദില്ലി പോലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് തലസ്ഥാനനഗരിയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശദീകരിക്കുന്നത്.
പെണ്‍വാണിഭ, മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ റെയ്ഡ് നടത്താന്‍ പോലീസുകാരോട് ആവശ്യപ്പെടുന്ന സോമനാഥ് ഭാരതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പോലീസുകാരോട് മന്ത്രി തട്ടിക്കയറുന്നതും വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സോമനാഥ് ഭാരതിയെ ന്യായീകരിക്കുകയും പോലീസുകാരെ കുറ്റപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.












Click it and Unblock the Notifications