മന്ത്രിയുടെയും എംപിയുടെയും കാര്‍ കൂട്ടിയിടിച്ചു
ദില്ലി: ബി ജെ പി നേതാവും എം പിയുമായ പര്‍വേശ് വര്‍മയുടെ കാര്‍ കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അകമ്പടിക്കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പോലീസുകാരാണ്. സംഭവം നടക്കുമ്പോള്‍ എം പിയും കേന്ദ്രമന്ത്രിയും കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാഷ്ട്രപതി ഭവന് സമീപം സെന്‍ട്രല്‍ ദില്ലിയിലാണ് അപകടം ഉണ്ടായത്.
എം പി പര്‍വേശ് വര്‍മയുടെ ഡ്രൈവര്‍ തെറ്റായ ദിശയിലൂടെ കാറോടിച്ചുവന്ന് കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനത്തെ ഇടിക്കുകയായിരുന്നത്രെ. വിജയ് ചൗക്കില്‍ വെച്ച് വൈകുന്നേരം ആറുമണിയോടെയാണ് വര്‍മയുടെ ടൊയോട്ട ഫോര്‍ച്യൂണ കാര്‍ ഉമാഭാരതിയുടെ എസ്‌കോര്‍ട്ട് വാഹനമായ ജിപ്‌സിയില്‍ ഇടിച്ചത്.

ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ ത്രിലോക് ചന്ദ്ര, എം പിയുടെ കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അധകൃതര്‍ പറഞ്ഞു. മന്ത്രി ഉമാഭാരതിയെയും എം പി പര്‍വേശ് വര്‍മയെയും കൊണ്ടുവരാനായി പാര്‍ലമെന്റിലേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.
എം പിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പഠിക്കാന്‍ വേണ്ടി പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും. കഴിഞ്ഞയാഴ്ചയാണ് ദില്ലി വിമാനത്താവളത്തിനടുത്ത് വെച്ച് നടന്ന റോഡപകടത്തില്‍ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications