ജനതാ ദര്‍ബാര്‍ ഇനിയില്ല; പരാതികള്‍ ഓണ്‍ലൈനില്‍
ദില്ലി: ദില്ലിയില്‍ ഇനിമുതല്‍ ജനതാ ദര്‍ബാറുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ശനിയാഴ്ച ദില്ലിയില്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ തന്നെ അലങ്കോലമായതിനെ തുടര്‍ന്നാണ് തീരുമാനം. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ആഴ്ചയില്‍ ഒരു ദിവസം സംവിധാനം ഒരുക്കും. പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വഴിയും അറിയിക്കാം.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയുള്ള പ്രചാരണങ്ങള്‍ സഹായിച്ച് ഭരത്തിലെത്തിയത് കൊണ്ടാവണം, ടെക്‌നോളജിയോട് വലിയ സ്‌നേഹമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കാണിക്കുന്നത്. 'ടെക്‌നോളജി കൂടുതലായി ഉപയോഗിക്കും. ജനതാ ദര്‍ബാറുകള്‍ ഇനി ഉണ്ടാകില്ല. ഓണ്‍ലൈനായും, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ വഴിയും പോസ്റ്റല്‍ ആയും പരാതികള്‍ അറിയിക്കാം' - കെജ്രിവാള്‍ പറഞ്ഞു.

തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. എന്റെ ജീവന് ഭീഷണിയില്ല, എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട. സുരക്ഷ വേണ്ടത് സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. കെജ്രിവാളിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ഗാസിയാബാദ് പോലീസ് അദ്ദേഹത്തിന് ഇസഡ് കാറ്റഗറിയില്‍പ്പെട്ട സുരക്ഷ ഒരുക്കിയിരുന്നു.
നേരത്തെ സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചത്തെ ജനതാ ദര്‍ബാര്‍ അലങ്കോലമായിരുന്നു. പരാതിയുമായി ജനങ്ങള്‍ തിക്കിത്തിരക്കിയെത്തിയതോടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെജ്രിവാളും പിന്നീട് മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് മടങ്ങുകയായിരുന്നു. പ്രവൃത്തിദിവസങ്ങളില്‍ ഒരു മന്ത്രിയും ശനിയാഴ്ചകളില്‍ മുഴുവന്‍ മന്ത്രിമാരും ജനങ്ങളില്‍ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിക്കാനായിരുന്നു ആം ആദ്മി പാര്‍ട്ടി ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ തിക്കും തിരക്കും നിയന്ത്രിക്കാനാകാതെ ആദ്യ ജനതാ ദര്‍ബാര്‍ തന്നെ അലങ്കോലപ്പെട്ടു. പരിപാടി സംഘടിപ്പിക്കുന്നതില്‍ പിശക് പറ്റിയെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടായി എന്നും മുഖ്യമന്ത്രി തന്നെ പിന്നീട് സമ്മതിച്ചിരുന്നു. പോലീസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതായതോടെയാണ് പരിപാടി പിരിച്ചുവിടേണ്ടിവന്നത്.


Click it and Unblock the Notifications