ദില്ലിയില്‍ ബിജെപി കൂട്ടിയാല്‍ കൂടുമോ?
ദില്ലി: ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ച ദില്ലി ജനതയെ കാത്തിരിക്കുന്നത് പ്രസിഡണ്ട് ഭരണമാണോ? തലസ്ഥാനത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ഇതിനെ ചുറ്റിപ്പറ്റിയാണ്. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായ വിധിയെഴുത്ത് സ്വാഭാവികമായും ബി ജെ പിയെ ഭരണത്തിലെത്തിക്കേണ്ടതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയാണ് കാവിപ്പാര്‍ട്ടിയുടെയും ഡോ ഹര്‍ഷവര്‍ദ്ധന്റെയും ഭരണമോഹത്തിന് തടയിട്ടത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും പുഷ്പംപോലെ ഭരണം പിടിച്ച ബി ജെ പിക്ക് ദില്ലിയില്‍ പക്ഷേ പടിക്കല്‍ കാലിടറി. കേവലഭൂരിപക്ഷത്തിന് ഒരു കൈ അകലെയാണ് ബി ജെ പിയുടെ നില. തങ്ങളുടെ 31 ഉം അകാലിദളിന്റെ ഒന്നും ചേര്‍ന്നാലും മുപ്പത്തിരണ്ടിലേ എത്തൂ. രണ്ട് സ്വതന്ത്രരെ കൂടി കൂട്ടിയാലും 34. ഒന്നോ രണ്ടോ പേരുടെ കൂടി പിന്തുണ കിട്ടിയാലേ കാര്യം നടക്കൂ.

നരേന്ദ്രമോഡി നേരിട്ട് വിളിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം തന്നാല്‍ ബി ജെ പി സര്‍ക്കാരില്‍ ചേരാം എന്നാണ് സ്വതന്ത്രനായ രംബീര്‍ ഷോകീന്റെ നിലപാട്. മുന്‍ ബി ജെ പി നേതാവ് കൂടിയാണ് ഇദ്ദേഹം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കേണ്ടത് ബി ജെ പിയെയാണ്. എന്തെങ്കിലും കാരണവശാല്‍ ഭരണം കിട്ടാതെ വന്നാല്‍ പ്രതിപക്ഷത്തിരിക്കാനും തയ്യാറാണ് എന്ന് ദില്ലിയുടെ പാര്‍ട്ടി ചുമതലയുള്ള നിതിന്‍ ഗഡ്കരി ബി ജെ പിയുടെ മനസ് തുറന്നുകഴിഞ്ഞു.
കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പിന്തുണ വേണ്ട എന്ന പിടിവാശിയിലാണ് ആം ആദ്മി പാര്‍ട്ടി. വേണമെങ്കില്‍ ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കിക്കോട്ടെ എന്നായിരുന്നു ഫലപ്രഖ്യാപനത്തിന്റെ ആദ്യമണിക്കൂറുകളില്‍ ആപ്പിന്റെ അഭിപ്രായം. എന്നാല്‍ ഭൂരിപക്ഷമില്ലാതെ ബി ജെ പിയെ ഭരിക്കാന്‍ വിടില്ലെന്നാണ് പാര്‍ട്ടി സീനിയര്‍ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നത്. വേറെ സൂത്രവാക്യങ്ങള്‍ ഉരുത്തിരിയാത്ത പക്ഷം പ്രസിഡണ്ട് ഭരണത്തിലൂടെ ഫലത്തില്‍ തലസ്ഥാനം ഒരിക്കല്‍കൂടി കോണ്‍ഗ്രസിന്റെ കൈകളിലേക്ക് തന്നെയെത്താനും സാധ്യതയുണ്ടെന്ന് സാരം.












Click it and Unblock the Notifications