പട്ടാമ്പിയിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവ് ജീവനൊടുക്കി; കാരണം പ്രണയ നൈരാശ്യമെന്ന് പോലീസ്
പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30)വയസ് ആണ് കൊല്ലപ്പെട്ടത്. നേരത്തെ പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് പ്രിവിയ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
യുവതിയുടെ കല്യാണം ഈ മാസം 29ന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. തൃത്താല സ്വദേശിയായ സന്തോഷാണ് യുവതിയുടെ മരണത്തിന് പിന്നിലേക്ക് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കൃത്യം നടത്തിയതിന് പിന്നാലെ ഇവിടെ നിന്ന് സ്ഥലം വിട്ട സന്തോഷ് സ്വന്തം വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എടപ്പാളിലെ ആശുപത്രിയിൽ വച്ചായിരുന്നു സന്തോഷിന്റെ മരണം. മുൻപ് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറിയതാണ് സന്തോഷിനെ പ്രകോപിപ്പിച്ചതെന്നുമാണ് പോലീസ് നിഗമനം.
അടുത്തിടെയാണ് പ്രവിയ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട പ്രിവിയ. കൃത്യം നടന്ന സ്ഥലത്ത് നിന്നും പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു.
മുൻപ് മറ്റൊരാളെ വിവാഹം ചെയ്‌ത പ്രിവിയ പിന്നീട് ഈ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് യുവതി സന്തോഷുമായി അടുപ്പത്തിലായത്. ഇതിന് ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പലവട്ടം പ്രിവിയയെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് സൂചന. ഇതിന് തയ്യാറാകാതെ യുവതി ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്.
യുവതി ജോലിക്കായി വരുന്ന സമയത്ത് കാത്ത് നിന്ന പ്രതി സന്തോഷ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് കത്തി ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം ഇന്ധനം ഉപയോഗിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രിവിയയെ കൊലപ്പെടുത്തിയ ശേഷം അവിടെ നിന്ന് മടങ്ങിയ സന്തോഷ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, വിഷു ദിനത്തിൽ നടന്ന അരുംകൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications