സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറിയതായി പരാതി. പാലക്കാട്ടെ ചെത്ത്‌ലൂരിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. നാട്ടുകല്‍ പൊലീസിലാണ് പരാതി നല്‍കിയത്.
അതേസമയം, ഹലാല്‍ വിഷയത്തില്‍ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വീകരിച്ച നിലപാടിന് വ്യത്യസ്തമായ അഭിപ്രായവുമായാണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും . എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്നും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സന്ദീപാ വാര്യയുടെ നിലപാട് തള്ളുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിയുടെ പൊതു നിലപാടിനൊപ്പം അഭിപ്രായം പറയണം. സന്ദീപ് വാര്യര്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നതാണ് ബിജെപിയുടെ നിലപാടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ എന്നും അദ്ദേഹം പറഞ്ഞു.
ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ്. ആ തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്.
ഇത് ആരോഗ്യപരമായ പ്രശ്‌നവും ഹലാലില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത് പൊടുന്നനെയാണെന്നും സുധീര്‍ ചൂണ്ടിക്കാട്ടി. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഹലാലിനെ കുറിച്ച് പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. അത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ സന്ദീപ് വാര്യരുടെ പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications