പാലക്കാട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, 15 ഓളം വീടുകൾ തകർന്നു
പാലക്കാട്; പാലക്കാട് ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. ആർക്കും ആളപായമില്ല. ഇവിടെ വൈദ്യുതി തടസവും നേരിടുകയാണ്.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു ചെർപ്പുളശേരി ചളവറ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ കീഴിലുള്ള കൂറ്റൻ തേക്ക് മരങ്ങളും കടപുഴകി. രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്കൂട്ടറുകളും മരം വീണ് തകർന്നു.കാറ്റിന്റെ ആഘാതത്തില്‍ ബൈക്കില്‍ പോയ ഒരാള്‍ മറിഞ്ഞ് വീണും അപകടമുണ്ടായി.

ചളവര കുബേര ക്ഷേത്രത്തിന് മുകളിലേക്കും മരം വീണു. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഓടുകളും ജനലുകളും നിലംപൊത്തി. അതേസമയം കാറ്റിൽ പോസ്റ്റുകൾ പലതും വീണതോടെ പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണങ്ങൾ വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ഇവ മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാടിനെ കൂടാതെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 4 ദിവസം (ജൂലൈ 24 - 27) വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും (Heavy Rainfall)സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications