'കൈ വേണ്ടെന്ന് പറഞ്ഞവർ കൈക്ക് വേണ്ടി കരയുന്നു'; സന്ദീപ് വാര്യരെ സ്വീകരിക്കുമോ? രാഹുലിന്റെ മറുപടി
പാലക്കാട്: എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനോട് മുഖം തിരിച്ച വിഷയത്തിലുള്ള സി പി എം, ബി ജെ പി വിമർശനങ്ങൾക്ക് മറുപടിയുമായി യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കൈവേണ്ടെന്ന് പറഞ്ഞ് പോയവർ ഇപ്പോൾ കൈക്ക് വേണ്ടി കരയുകയാണെന്നും പാർട്ടി വിട്ടവരെ വെട്ടിക്കൊലപ്പെടുത്തുന്നതല്ല കോൺഗ്രസിന്റെ രാഷ്ട്രീയ മര്യാദയെന്നും രാഹുൽ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാർട്ടി വിട്ടവരെ പിന്നാലെ പോയി വെട്ടിക്കൊല്ലുന്നതല്ലേ സി പി എം കാണിക്കുന്ന രാഷ്ട്രീയ മര്യാദ. എന്തായാലും അത്തരം മര്യാദ കോൺഗ്രസിന് ഇല്ല. കൈ വേണ്ടെന്ന് പറഞ്ഞ് പോയവർ എന്തിനാണ് കൈക്ക് വേണ്ടി കരയുന്നതെന്ന് മനസിലാകുന്നില്ല. ആ വിഷയത്തിൽ ബി ജെ പിയും സി പി എമ്മും ഒന്നിച്ച് കൈ കൊടുത്തിട്ടുണ്ട്. അവർ കൈകൊടുക്കുന്ന വിഷയങ്ങളെല്ലാം ഒന്നൊന്നായി കൂടിക്കൂടി വരികയാണ്. അല്ലെങ്കിൽ എങ്ങനെയാണ് സി പി എം നേതാവിനെ കൈ കൊടുക്കാത്ത വിഷയമൊക്കെ ബി ജെ പിയെ ബാധിക്കുന്നത്. അവർ ഒറ്റമുന്നണിയാണ്. മുന്നണിയുടെ സ്ഥാനാർത്ഥി ആരാണെനന് 10ാം തീയതിയെങ്കിലും അവർ പ്രഖ്യാപിക്കാൻ തയ്യാറാകണം', രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു..

ബി ജെ പി നേതാവ് സന്ദീപ് വാര്യർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 'സന്ദീപ് വാര്യർ പാർട്ടി വിട്ടാൽ കോൺഗ്രസ് സ്വീകരിക്കുമോയെന്ന കാര്യമൊക്കെ പറയേണ്ടത് പാർട്ടിയാണ്.അദ്ദേഹം ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ നിലപാടുകളിൽ മാറ്റം വരുത്തേണ്ടി വരും. കോൺഗ്രസ് ഒരു മതേതര പ്രസ്ഥാനമാണ്. അതിന് ശേഷം പാർട്ടി നേതൃത്വം ആലോചിക്കേണ്ട വിഷയമാണത്', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇന്ന് ബി ജെ പി നേതൃത്വത്തിനെതിരെ അതിശക്തമായി തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിട്ടുനിൽക്കുന്നത് ചർച്ചയാകുന്നതിനിടെയാണ് നേതൃത്വത്തിനെതിരെ ഇന്ന് സന്ദീപ് പരസ്യമായി പ്രതികരിച്ചത്. പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെതിരെ ഉൾപ്പെടെയാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. 'ഒരു സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പിണങ്ങിപ്പോകുന്ന ആളല്ല താൻ. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ്. താൻ നിരന്തരം പാർട്ടിയിൽ അനുഭവിച്ചിട്ടുണ്ട്. തന്റെ അമ്മ മരിച്ചപ്പോൾ പോലും തന്നെയോ കുടുംബത്തെയോ കാണാൻ കൃഷ്ണകുമാർ വന്നിട്ടില്ല', സന്ദീപ് പറഞ്ഞു. താൻ ഇനി ബിജെപിയുടെ പ്രചരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ഉറ്റുനോക്കപ്പെടുന്നത് അദ്ദേഹം ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേരുമോയെന്നാണ് . സന്ദീപിനെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് സിപിഎം നേതാവ് എകെ ബാലൻ വ്യക്തമാക്കി കഴിഞ്ഞു. നേരത്തേ പാർട്ടിക്കെതിരെ പറഞ്ഞ കാര്യങ്ങൾ കാര്യമാക്കുന്നില്ല. സന്ദീപ് മികച്ച നേതാവാണെന്നും കാര്യങ്ങൾ കൃത്യമായി സംസാരിക്കാൻ അറിയുന്ന ആളാണെന്നുമാണ് എകെ ബാലൻ പ്രതികരിച്ചത്.












Click it and Unblock the Notifications